
തന്റെ പ്രിയപ്പെട്ട അമ്മയും ഭാര്യയും ഏകമകനും സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട വിവരമറിഞ്ഞാണ് വ്യാഴാഴ്ച അതിരാവിലെ റിയാദിൽ സണ്ണി ജോണെന്ന പ്രവാസി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. നിരവധിയാളുകൾ മരിച്ചെന്ന് ഒരു നിലവിളി പോലെ പറഞ്ഞ് നാട്ടിൽ നിന്നെത്തിയ ആ ഫോൺ കോൾ കട്ടായി. ഉടൻ ടിവി ചാനലുകൾ വെച്ച് നോക്കുമ്പോൾ കണ്ണിൽ ഇരുട്ടുകയറി. മരണപ്പെട്ടതായി എഴുതികാണിക്കുന്നതിൽ അമ്മയുടെയും ഭാര്യയുടെയും പേരുകൾ.
തലകറങ്ങി. എങ്ങനെയോ ഫോണെടുത്ത് കമ്പനിയിലെ മേലുദ്യോഗസ്ഥനായ മലയാളിയോട് വിവരം പറഞ്ഞു. നാട്ടിൽ പോകണമെന്ന് കൂടി പറഞ്ഞൊപ്പിച്ചപ്പോഴേക്കും ഹൃദയം പൊട്ടി കരച്ചിൽ ഉച്ചത്തിലായി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. യാത്രാരേഖകളെല്ലാം ശരിയായി. ഉച്ചക്കുള്ള വിമാനത്തിൽ ടിക്കറ്റും ഉറപ്പിച്ചു. അപ്പോഴേക്കും നാട്ടിൽ നിന്ന് കുറെക്കൂടി വ്യക്തമായ വിവരങ്ങളെത്തി. മരിച്ചത് അമ്മയാണ്. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
വ്യാഴാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ ട്രൈലറിടിച്ച് അപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായിരുന്നു പാലക്കാട് ശാന്തി കോളനി നയങ്കര സ്വദേശി സണ്ണി ജോസഫിന്റെ അമ്മ റോസിലി ജോണും ഭാര്യ സോന സണ്ണിയും ഏക മകൻ അലൻ സണ്ണിയും. അമ്മ റോസിലി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമ്മയുടെ തൊട്ടടുത്ത സീറ്റിലിരുന്ന സോനയും മകൻ അലനും ഇടയ്ക്ക് മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നിരുന്നു.
എന്നാൽ അപകടമുണ്ടായ ഉടനെ സീറ്റ് റിസർവ് ചെയ്തവരുടെ ലിസ്റ്റ് നോക്കി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടപ്പോഴാണ് സോനയെ കൂടി ഉൾപ്പെടുത്തി വാർത്ത വന്നത്. റിയാദിൽ മയിൻഹാർട് അറേബ്യ എന്ന കമ്പനിയിൽ ഡ്രൈവറാണ് സണ്ണി ജോൺ. 69 വയസുള്ള അമ്മയോട് സണ്ണിക്ക് അത്രയേറെ സ്നേഹമായിരുന്നു. അതുകൊണ്ടാണ്, സാധാരണ പ്രവാസികളെല്ലാം തങ്ങളുടെ ഭാര്യയെയും മക്കളെയും ആദ്യം വിദേശത്തേക്ക് കൊണ്ടുവരുമ്പോൾ സണ്ണി അമ്മയെ തന്നെ ആദ്യം വിസിറ്റിങ് വിസയിൽ കൊണ്ടുവന്ന് റിയാദിൽ ആറുമാസത്തോളം തന്നോടൊപ്പം താമസിപ്പിച്ചത്. അതിന് ശേഷം, നഴ്സായ ഭാര്യയ്ക്ക് റിയാദിലെ ഒരു ആശുപത്രിയിൽ ജോലി തരപ്പെടുത്തി ഇങ്ങോട്ട് കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു.
സ്റ്റാഫ് നഴ്സായി സൗദിയിലേക്ക് വരാനുള്ള മെഡിക്കൽ ലൈസൻസിന് വേണ്ടി പരീക്ഷയെഴുതാനാണ് സണ്ണിയുടെ ഭാര്യ സോന ബാംഗ്ലൂർക്ക് പോയത്. അമ്മ റോസിലിയും മകൻ അലനും സോനയ്ക്ക് കൂട്ടിന് പോയതാണ്. ബാംഗ്ലൂരിലുള്ള സൗദി മെഡിക്കൽ കൗൺസിൽ സെൻററിലായിരുന്നു പ്രൊമെട്രിക് പരീക്ഷ. ജയിച്ചെന്ന റിസൾട്ടും അപ്പോൾ തന്നെ അറിഞ്ഞ് അതിന്റെ സന്തോഷത്തിലുള്ള മടക്കയാത്രയായിരുന്നു. വൈകാതെ പ്രിയതമ റിയാദിലെത്തുമല്ലോ എന്ന സന്തോഷത്തിലായിരുന്നു സണ്ണിയും. ആ സന്തോഷങ്ങളെയാണ് ട്രൈലറിന്റെ രൂപത്തിലെത്തിയ ദുരന്തം തകർത്തുകളഞ്ഞത്.
കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ ചെന്ന് അമ്മയെ റിയാദിലേക്ക് കൂട്ടി കൊണ്ടുവരുേമ്പാൾ സണ്ണി വിമാനത്തിൽ അമ്മയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇപ്പോൾ സുഹൃത്തുക്കൾ നിറമിഴിയോടെ വീണ്ടും വായിക്കുകയാണ്. അത്രയ്ക്കും ഇഷ്ടമാണ് അമ്മച്ചിയെ എന്നാണ് അതിൽ എഴുതിയിരുന്നത്. കുട്ടിക്കാലത്ത് അച്ഛൻ മരിച്ച ശേഷം താനടക്കം മൂന്നുമക്കളെ പോറ്റിവളർത്തിയ അമ്മച്ചിയാണ് തന്റെ ജീവിതത്തിലെ എല്ലാം, അതുകൊണ്ട് തന്നെ തന്റെ പ്രവാസത്തിലേക്ക് ആദ്യം കൊണ്ടുവരുന്നത് അമ്മയെ തന്നെയാകണമെന്നാണ് ആഗ്രഹിച്ചതെന്നും അതിനുശേഷം ഭാര്യയേയും മകനേയും കൊണ്ടുവരാനാണ് തീർച്ചപ്പെടുത്തിയതെന്നും അന്നാ പോസ്റ്റിൽ അയാളെഴുതിയിരുന്നു. ആ അമ്മയാണ് എന്നന്നേക്കുമായി യാത്ര പറഞ്ഞുപോയത്. ഭാര്യ ശരീരത്തിനേറ്റ നിരവധി ഒടിവുകളുമായി പാലക്കാട്ടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും. മകൻ അലൻ മാത്രം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ നിന്ന് ഉച്ചക്കുള്ള വിമാനത്തിൽ പുറപ്പെട്ട സണ്ണി രാത്രിയോടെ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam