ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ വിയോഗം; അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

By Web TeamFirst Published Mar 26, 2021, 8:16 PM IST
Highlights

സന്ദേശത്തിന്റെ പകര്‍പ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ദുബൈ: ദുബൈ ഉപഭരണാധികാരിയും യുഎഇ ധന-വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂമിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന് അയച്ച സന്ദേശത്തിലാണ് മോദി അനുശോചനം അറിയിച്ചത്. ശൈഖ് മുഹമ്മദിന്‍റെ സഹോദരനാണ് വിടവാങ്ങിയ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂം.

സന്ദേശത്തിന്റെ പകര്‍പ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. താങ്കളുടെ സഹോദരന്റെ വിയോഗത്തെ കുറിച്ച് അതീവ ദുഃഖത്തോടെയാണ് അറിഞ്ഞത്. താങ്കള്‍ക്കും മക്തൂം കുടുംബാംഗങ്ങള്‍ക്കും യുഎഇയിലെ ജനങ്ങള്‍ക്കും, സര്‍ക്കാരിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ അനുശോചനം അറിയിക്കുന്നതായും വ്യക്തിപരമായ ഈ നഷ്ടം സഹിക്കാനുള്ള ശക്തിയും മനക്കരുത്തും നല്‍കുന്നതിനായി സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു. ശൈഖ് ഹംദാന്‍ ബിന്‍ റാഷിദില്‍ നിന്ന് ലഭിച്ച പ്രത്യേക അനുകമ്പയും വാത്സല്യവും  ദുബൈയിലെ ഇന്ത്യന്‍ സമൂഹം എല്ലായ്‌പ്പോഴും സ്മരിക്കുമെന്നും കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.  

Prime Minister sent a message of condolences to his UAE counterpart on the passing away of his brother Sheikh Hamdan Bin Rashid Al Maktoum. pic.twitter.com/eYzZnM52GW

— India in UAE (@IndembAbuDhabi)

മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അന്തരിച്ച ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ്. 1971ല്‍ യുഎഇയുടെ ആദ്യ കാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ശൈഖ് ഹംദാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിലും വികസന മുന്നേറ്റത്തിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 

click me!