
റിയാദ്: നവയുഗം സാംസ്ക്കാരിക വേദിയുടെ വാർഷിക പരിപാടി ‘നവയുഗസന്ധ്യ - 2കെ22’ന്റെ ഭാഗമായി നവയുഗം വായനാ വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ദമ്മാമിലെ നവയുഗം ഓഫിസ് ഹാളിൽ ഒരുക്കിയ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ചെറുകഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. നല്ല പ്രതികരണമാണ് ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും മുന്നൂറോളം സൃഷ്ടികൾ മത്സരത്തിനായി ലഭിച്ചെന്നും സംഘാടകർ പറഞ്ഞു.
കവിയും നാടകകൃത്തുമായ എം.എം. സചീന്ദ്രൻ, നിരൂപകൻ ഡോ. വള്ളിക്കാവ് മോഹൻദാസ്, എഴുത്തുകാരി ഇ.എൻ. ഷീജ, നിരൂപകൻ ഷാജി അനിരുദ്ധൻ, കവികളായ രാധാകൃഷ്ണൻ കുന്നുംപുറം, അനിൽ കുമാർ ഡേവിഡ്, പ്രവാസിഎഴുത്തുകാരൻ ജി. ബെൻസി മോഹൻ എന്നിവർ അടങ്ങുന്ന ജഡ്ജിങ് പാനൽ ആണ് കൃതികൾ വിലയിരുത്തി വിജയികളെ തീരുമാനിച്ചത്.
കവിത വിഭാഗത്തിൽ ഡോ. ചായം ധർമരാജനാണ് ഒന്നാം സ്ഥാനം നേടിയത്. ‘ആല’ എന്ന കവിതക്കാണ് പുരസ്കാരം. നെടുമങ്ങാട് ഗവൺമെൻറ് കോളജിൽ മലയാളം അധ്യാപകനാണ് ഡോ. ചായം ധർമരാജൻ.
പി.ജി. കാവ്യ എഴുതിയ ‘ഉച്ചാടനം’ എന്ന കവിതക്കാണ് രണ്ടാം സ്ഥാനം. പാലക്കാട് ഐ.ഐ.ടിയിൽ ഇംഗ്ലീഷ് ഗവേഷണ വിദ്യാർഥിയാണ് കാവ്യ. ചെറുകഥ വിഭാഗത്തിൽ പ്രമോദ് കൂവേരിക്കാണ് ഒന്നാം സ്ഥാനം. ‘മരിയാർപൂതം’ എന്ന കഥയ്ക്കാണ് പുരസ്കാരം. കണ്ണൂർ സ്വദേശിയായ പ്രമോദ് കൂവേരി തിരക്കഥാകൃത്തുമാണ്. സബീന എം. സാലി രചിച്ച ‘നീലാകാശം മഞ്ഞപ്പൂക്കൾ’ എന്ന കഥക്കാണ് രണ്ടാം സ്ഥാനം. റിയാദിന് സമീപം ഹുത്ത സുദൈറിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രിയിൽ ഫാർമസിസ്റ്റാണ് സബീന എം. സാലി. നവയുഗം വായനവേദി ഭാരവാഹികളായ സജീഷ്, ജാബിർ, ഷീബ സാജൻ എന്നിവരാണ് ഫലപ്രഖ്യാപനം നടത്തിയത്.
Read also: മൂന്നര മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ