
കുവൈത്ത് സിറ്റി: കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്‍ച ഒന്നര മണിക്കൂറാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. നിലവില്‍ കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകള്‍ തടസമില്ലാതെ നടക്കുന്നുണ്ട്.
കുവൈത്തിലുടനീളം ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതിന് പിന്നാലെ കാഴ്‍ച അസാധ്യമായി മാറിയതോടെയാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെയ്‍ക്കേണ്ടി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. മണിക്കൂറില്‍ അന്‍പത് കിലോമീറ്ററിലധികം വേഗതിയിലാണ് കുവൈത്തില്‍ പൊടിക്കാറ്റ് അടിച്ചുവീശിയത്.
പൊടിക്കാറ്റ് കാരണം കുവൈത്തിലെ സ്‍കൂളുകള്‍ക്ക് ചെവ്വാഴ്‍ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്‍ച ക്ലാസുകള്‍ പുനഃരാരംഭിക്കും. ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ട സമയങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളെയും പൊടിക്കാറ്റ് ബാധിച്ചത് കാരണം വാഹന ഗതാഗതം പോലും പലയിടങ്ങളിലും അസാധ്യമായി മാറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ