വിസാ നിയമങ്ങളില്‍ മാറ്റങ്ങളുമായി കുവൈത്ത് സര്‍ക്കാര്‍

By Web TeamFirst Published Oct 23, 2019, 10:45 PM IST
Highlights

പുതിയ ഉത്തരവ് അനുസരിച്ച് സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ വിസ മാറ്റാന്‍ സാധിക്കും. 

കുവൈത്ത് സിറ്റി: വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ. കുവൈത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌  മറ്റു മേഖലകളിലേക്ക്‌ നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ക്ക് ഖാലിദ് അൽ ജാറ് ഹ പുറപ്പെടുവിച്ചു. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന വിധമാണ് പുതിയ വിസ നയം.

പുതിയ ഉത്തരവ് പ്രകാരം സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ വിസ മാറ്റാം. വിസ ഫീസ്‌ നിരക്കിൽ വർധനവ്‌ വരുത്താതെയാണു പുതിയ ഉത്തരവ്‌. സന്ദർശക വിസയിലോ വിനോദസഞ്ചാര വിസയിലോ എത്തുന്നവർക്ക്‌ മന്ത്രാലയത്തിന്റെ നിശ്ചിത മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കും.

തൊഴിൽ വിസയിൽ രാജ്യത്ത്‌ പ്രവേശിച്ച് വിസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്കു ഒരു മാസത്തിനകം സന്ദർശക വിസയിൽ തിരിച്ചെത്തിയാൽ തൊഴിൽ മേഖലയിലേക്ക് വിസ മാറ്റാം. വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ രാജ്യത്തെ സർക്കാർ, സ്വകാര്യ സർവ്വകലാശാലകളിൽ പഠന വിസ അനുവദിക്കാനും തീരുമാനമായി. വിസ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വിസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ പരമാവധി 3 മാസമായി പരിമിതപ്പെടുത്തിയെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍  ഒരു വര്‍ഷം വരെ അനുവദിക്കും. ഈ കാലയളവിൽ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്പോൺസർഷിപ്പിലേക്ക്‌ മാറ്റുവാനോ സാധിക്കാതെ വന്നാൽ രാജ്യം വിടേണ്ടി വരും.


 

click me!