
കുവൈത്ത് സിറ്റി: കുവൈത്തിലെ ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട പ്രവാസി താമസക്കാർക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ അനുവദിച്ചുകൊണ്ട് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് ഉത്തരവിട്ടു. 2025-ലെ പത്താം നമ്പർ മന്ത്രിതല തീരുമാന പ്രകാരമാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. കുവൈത്തിൽ നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹന നിയമപ്രകാരം നിക്ഷേപം നടത്തിയിട്ടുള്ള വിദേശികൾക്ക് 15 വർഷം കാലാവധിയുള്ള സിവിൽ ഐഡി കാർഡുകൾ ലഭിക്കും.
കുവൈത്തിൽ സ്വന്തമായി വസ്തുവകകൾ ഉള്ള പ്രവാസി താമസക്കാർക്ക് 10 വർഷം കാലാവധിയുള്ള കാർഡുകളാണ് അനുവദിക്കുക. സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കാർഡിലെ വിവരങ്ങൾ തിരുത്തുന്നതിനോ, ഇലക്ട്രോണിക് ചിപ്പിലെ ഡാറ്റാ മാറ്റം വരുത്തുന്നതിനോ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറലിന് പൂർണ്ണ അധികാരമുണ്ടായിരിക്കും. പ്രവാസികൾക്ക് കൂടുതൽ സ്ഥിരതയും സൗകര്യവും നൽകുന്നതിനൊപ്പം രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam