യുഎഇയില്‍ സാധാരണക്കാര്‍ക്കും ഇനി കുടുംബസമേതം താമസിക്കാം; പ്രവാസികള്‍ക്കായുള്ള പുതിയ നിയമം പ്രാബല്യത്തില്‍

By Web TeamFirst Published Jul 15, 2019, 10:04 AM IST
Highlights

പ്രവാസിയായ സ്ത്രീക്കോ പുരുഷനോ മാസം 4000 ദിര്‍ഹം ശമ്പളമോ, അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന താമസ സൗകര്യവുമുണ്ടെങ്കില്‍ ഇനി കുടുംബത്തെ യുഎഇയില്‍ സ്ഥിരമായി താമസിപ്പിക്കാമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് കുടുംബത്തെ കൂടെ താമസിപ്പിക്കാനുള്ള ശമ്പളപരിധി കുറച്ചു. നേരത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്ന പുതിയ രീതി ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസയിലെ ജോലി മാനദണ്ഡമാക്കി കുടുംബ വിസയ്ക്ക് അനുമതി നല്‍കിയിരുന്ന പഴയ രീതിക്ക് ഇതോടെ അവസാനമായി.

കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കിയാണ് കുറച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം സാധരണക്കാരനും ഇനിമുതല്‍ യുഎഇയില്‍ കുടുംബസമേതം താമസിക്കാന്‍ സാധിക്കും. പ്രവാസിയായ സ്ത്രീക്കോ പുരുഷനോ മാസം 4000 ദിര്‍ഹം ശമ്പളമോ, അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന താമസ സൗകര്യവുമുണ്ടെങ്കില്‍ ഇനി കുടുംബത്തെ യുഎഇയില്‍ സ്ഥിരമായി താമസിപ്പിക്കാമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. നേരത്തെ 5000 ദിര്‍ഹത്തില്‍ കൂടുതല്‍ ശമ്പളമുള്ള  തൊഴിലാളികള്‍ക്കാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നത്.  ഇതോടൊപ്പം നിശ്ചിത തസ്തികകളില്‍ ജോലിയുണ്ടാവണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു.

പുതിയ തീരുമാനത്തോടെ പ്രവാസികളുടെ കുടുംബ-സാമൂഹിക ജീവതം കൂടുതല്‍ സന്തോഷകരമായി മാറുമെന്നും ഇത് ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് ഗുണകരമാവുമെന്നുമാണ് യുഎഇയുടെ പ്രതീക്ഷ. ജോലി ചെയ്യുന്നയാളുടെ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ കുടുംബത്തിനും യുഎഇയില്‍ തുടരാം. ഭര്‍ത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസ്സിന് താഴെയുള്ള കുട്ടിയ്ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും ഇത്തരത്തില്‍ യുഎഇയില്‍ താമസിക്കാം. വിദേശികള്‍ക്ക് അനുകൂലമായി അടുത്തക്കാലത്ത് യുഎഇയില്‍ നടപ്പാക്കി വരുന്ന വിസ ഇളവുകളിലെ ഏറ്റവും സുപ്രധാന തീരുമാനമാണിത്. 

പ്രൊഫഷണലുകളല്ലാത്തവര്‍ക്കുകൂടി കുടുംബത്തെ ഒപ്പം താമസിപ്പിക്കാമെന്നുള്ള തീരുമാനം പ്രവാസികള്‍ക്ക് വലിയ സന്തോഷം പകരുന്നതാണ്. വര്‍ഷങ്ങളുടെ ജോലി പരിചയവും ഉയര്‍ന്ന ശമ്പളവുമുണ്ടായിട്ടും ബിരുദ യോഗ്യതകളില്ലാത്തതിന്റെ പേരില്‍ ഉന്നത തൊഴില്‍ പദവികള്‍ വിസയില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍ക്കും ഇനി കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാം. കുടുംബാംഗങ്ങള്‍ യുഎഇയില്‍ തുടരുന്ന കാലത്തോളം അവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കിയിരിക്കണം.

അപേക്ഷിക്കേണ്ടത് എങ്ങനെ?
കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റാണ് പ്രധാനമായി വേണ്ടത്. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇതും അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കണം. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റും സ്വകാര്യ മേഖലയിലുള്ളവര്‍ തൊഴില്‍ കരാറിനൊപ്പം അവസാന മൂന്ന് മാസം ശമ്പളം വാങ്ങിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കണം.

സ്ത്രീകള്‍ക്ക് കുടുംബത്തെ കൊണ്ടുവരണമെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വേണം. വിധവയോ വിവാഹമോചിതയോ ആണെങ്കില്‍ ഇതിന് പകരം ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റോ വിവാഹമോചന രേഖയോ ഹാജരാക്കിയാല്‍ മതി. ഒപ്പം കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തം തനിക്കാണെന്ന് കാണിക്കുന്ന രേഖയും നല്‍കണം.

click me!