ബഹ്‌റൈനില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

By Web TeamFirst Published May 21, 2021, 12:40 PM IST
Highlights

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശം ഉണ്ടാകണം. സൗദിയില്‍ അംഗീകരിച്ച ഫൈസര്‍-ബയോഎന്‍ടെക്, ഓക്‌സ്ഫഡ് ആസ്‌ട്രെസെനിക്ക(കൊവിഷീല്‍ഡ്),മൊഡേണ എന്നീ വാക്‌സിനുകളും രണ്ട് ഡോസുകളും ജോണ്‍സണ്‍ വാക്‌സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

റിയാദ്:  ബഹ്‌റൈനില്‍ നിന്ന് ദമ്മാം കിങ് ഫഹദ് കോസ്‍‍‍വേ വഴി സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇതുവഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. സൗദിയിലേക്ക് തൊഴില്‍,ടൂറിസം, സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്കാണ് നിര്‍ദ്ദേശം ബാധകമാകുക.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശം ഉണ്ടാകണം. സൗദിയില്‍ അംഗീകരിച്ച ഫൈസര്‍-ബയോഎന്‍ടെക്, ഓക്‌സ്ഫഡ് ആസ്‌ട്രെസെനിക്ക(കൊവിഷീല്‍ഡ്),മൊഡേണ എന്നീ വാക്‌സിനുകളും രണ്ട് ഡോസുകളും ജോണ്‍സണ്‍ വാക്‌സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് പിന്നീട് കൊവിഡ് പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല.

വാക്‌സിന്‍ സ്വീകരിക്കാതെ അതിര്‍ത്തിയിലെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്നും തിരിച്ച് അയയ്ക്കുമെന്നും കിങ് ഫഹദ് കോസ്‍‍‍വേ  അതോറിറ്റി അറിയിച്ചു. എന്നാല്‍ സൗദി പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ വാക്സിന്‍ സ്വീകരിക്കണമെന്നോ  പിസിആര്‍ പരിശോധനയോ നിര്‍ബന്ധമില്ല. 18 വയസ്സിന് മുകളിലുള്ള സ്വദേശികള്‍ സൗദിയില്‍ പ്രവേശിച്ച് ഏഴ് ദിവസം ഹോം ക്വാറന്റീന്‍ പാലിക്കണം. ആറാം ദിവസം പിസിആര്‍ പരിശോധന നടത്തുകയും വേണം. സ്വദേശികളുടെ വിദേശി ഭാര്യമാര്‍, ഭര്‍ത്താക്കാന്മാര്‍, മക്കള്‍, അവരോടൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രജ്ഞര്‍, അവരുടെ കുടുംബാംഗങ്ങള്‍, അവര്‍ക്കൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം അതിര്‍ത്തിയില്‍ കാണിക്കണം. ഇവരില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീനും പിന്നീട് കൊവിഡ് പരിശോധനയും വേണ്ട. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ സൗദിയില്‍ പ്രവേശിച്ച് ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക്  പിസിആര്‍ പരിശോധയോ ക്വാറന്‍റീനോ നിര്‍ബന്ധമില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!