
ദുബായ്: ഗല്‍ഫില്‍ ജോലി അന്വേഷിക്കുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വീണ്ടും വ്യാപകമാവുന്നു. വിസ ശരിയാക്കി നല്‍കി അതുമായി വിദേശത്ത് എത്തിയ ശേഷമാണ് പലരും കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് പുറത്തിറങ്ങാനാവാതെ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോകുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
യുഎഇയിലെ പ്രമുഖ കമ്പനികളുടെ പേരില്‍ വരെ സംസ്ഥാനത്ത് വിസ തട്ടിപ്പ് നടത്തുന്നുണ്ട്. പണം വാങ്ങിയ ശേഷം വിസയുടെ പ്രിന്റ് നല്‍കുകയും ചെയ്യും. ഇതില്‍ വിസ അപേക്ഷകന്റെ വിവരങ്ങളും യുഐഡി നമ്പറും പാസ്‍പോര്‍ട്ട് വിവരങ്ങളും ഉള്‍പ്പെടെ എല്ലാം കൃത്യമായിത്തന്നെ ഉണ്ടാകും. അതുകൊണ്ടുതന്നെ നാട്ടിലെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനം കയറാന്‍ മറ്റ് തടസ്സങ്ങളുമുണ്ടാവില്ല. എന്നാല്‍ യുഎഇയിലെത്തിയ ശേഷം വിസയുടെ വിശദാംശങ്ങള്‍ അധികൃതര്‍ പരിശോധിക്കുമ്പോള്‍ മാത്രമായിരിക്കും ഇത് വ്യാജമാണെന്ന് കണ്ടെത്തുന്നത്.
തട്ടിപ്പ് ഇങ്ങനെ
ഓണ്‍ലൈനായി ലഭിക്കുന്ന പി.ഡി.എഫ് ഫയലുകളില്‍ എഡിറ്റ് ചെയ്താണ് വ്യാജ വിസയുണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ നാട്ടില്‍ നിന്ന് പോകുന്നയാളുടെ പേരില്‍ വിസയ്ക്ക് അപേക്ഷിച്ചിട്ട് പോലുണ്ടാവുമില്ല. മറ്റൊരാളുടെ പേരിലുള്ള വിസയില്‍ പേരും പാസ്‍പോര്‍ട്ട് നമ്പറും തുടങ്ങിയ വിവരങ്ങള്‍ മാത്രം എഡിറ്റ് ചെയ്തായിരിക്കും നല്‍കുന്നത്. ഇത് കാരണം ഒറ്റനോട്ടത്തില്‍ വിസ വ്യാജമാണെന്ന് തോന്നുകയേയില്ല. എന്നാല്‍ വിമാനം കയറി വിദേശത്ത് എത്തുമ്പോള്‍ വിസ മറ്റൊരാളുടേതാണെന്ന് തിരിച്ചറിയുകയും വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയും ചെയ്യും.
പുറപ്പെടുന്നതിന് മുന്‍പ് വിസ ഓണ്‍ലൈനായി പരിശോധിക്കുകയോ അല്ലെങ്കില്‍ അതത് രാജ്യങ്ങളിലെ കണ്‍സള്‍ട്ടന്റുകളുടെ സഹായം തേടുകയോ ചെയ്താല്‍ ഈ തട്ടിപ്പില്‍ നിന്ന് രക്ഷപെടാമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam