
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ദീകരിച്ച് 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിലെത്തുക. 48 വർഷത്തിന് ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതുക്കിയ നിയമ പ്രകാരം നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ പിഴ 15 കുവൈത്ത് ദിനാർ ആയിരിക്കും. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് ഗുരുതരമായ അപകടത്തിനോ മരണത്തിനോ ഇടയാക്കിയാൽ 5000 കുവൈത്ത് ദിനാർ വരെ പിഴ ലഭിക്കും. കുറ്റകൃത്യങ്ങൾ കോടതിയിലെത്തിയില്ലെങ്കിൽ പിഴയുടെ രൂപത്തിലുള്ള സാമ്പത്തിക ഒത്തുതീർപ്പുകൾ തീരുമാനിക്കാനുള്ള പൂർണ അധികാരം മന്ത്രാലയത്തിനായിരിക്കുമെന്നും എക്സ് പ്ലാറ്റ്ഫോമിൽ മന്ത്രാലയം കുറിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടാതെ, പുതിയ നിയമ പ്രകാരം പ്രവാസികൾക്ക് അവരുടെ പേരിൽ ഒരു വാഹനം മാത്രമേ സ്വന്തമാക്കാൻ കഴിയൂ. ഓരോ നിയമലംഘനങ്ങൾക്കുമുള്ള ശിക്ഷയും പിഴകളും സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Also - ജീവിതത്തിന്‍റെ മരുപ്പച്ച തേടി നാടുവിട്ടിട്ട് 17 വർഷം, തളർന്ന ശരീരവുമായി മടക്കം; തുണയായത് സാമൂഹിക പ്രവർത്തകർ
യാത്രക്കാരെ കൊണ്ടുപോകുന്നതിന് വ്യക്തികളുടെ വാഹനം ഉപയോഗപ്പെടുത്തിയാൽ 150 കുവൈത്ത് ദിനാറും അമിത വേഗതയ്ക്ക് 70 മുതൽ 150 കുവൈത്ത് ദിനാർ വരെ പിഴയും ലഭിക്കും. എത്ര കിലോമീറ്റർ വരെ അമിത വേഗതയിൽ പോകുന്നു എന്നതനുസരിച്ച് പിഴ കൂടും. ലൈസൻസില്ലാതെയോ ലൈസൻസ് പിടിച്ചെടുത്തതിന് ശേഷമോ വണ്ടിയോടിച്ചാൽ 75 കുവൈത്ത് ദിനാർ വരെയും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയോ സുരക്ഷ ഉറപ്പാക്കാതെ പിൻസീറ്റിൽ ഇരുത്തിയോ യാത്ര ചെയ്താൽ 50 കുവൈത്ത് ദിനാർ വരെയും പിഴ ലഭിക്കും. കൂടാതെ, റോഡിലൂടെ അനുവദിച്ചിരിക്കുന്ന കുറഞ്ഞ വേഗപരിധിയിൽ താഴെ വാഹനമോടിച്ചാൽ 30 കുവൈത്ത് ദിനാർ പിഴയായിരിക്കും ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ