യുഎഇയിലെ ഏറ്റവും പുതിയ വിസ പരിഷ്കാരങ്ങള്‍ ഇങ്ങനെയാണ്

By Web TeamFirst Published Sep 20, 2018, 3:28 PM IST
Highlights

ഏറ്റവുമൊടുവില്‍ പ്രവാസികള്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ചാലും അഞ്ച് വര്‍ഷം കൂടി യുഎഇയില്‍ തങ്ങാനുള്ള വിസ നല്‍കാനും തീരുമാനമായി. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. 

അബുദാബി: വിസ ചട്ടങ്ങളുടെ കാര്യത്തില്‍ അടുത്തിടെ യുഎഇയില്‍ ഒട്ടേറെ പരിഷ്കാരങ്ങളാണ് നടന്നത്. ഏറ്റവുമൊടുവില്‍ പ്രവാസികള്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ചാലും അഞ്ച് വര്‍ഷം കൂടി യുഎഇയില്‍ തങ്ങാനുള്ള വിസ നല്‍കാനും തീരുമാനമായി. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. 

55 വയസാകുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് തങ്ങാനുള്ള വിസയാണ് അനുവദിക്കുന്നത്. ഇതിന് മൂന്ന് നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒന്നുകില്‍ 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉണ്ടായിരിക്കണം.  അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം. ഈ നിബന്ധനകളില്‍ ഒന്നെങ്കിലും പാലിക്കുന്നവര്‍ക്ക് ഇത്തരം ദീര്‍ഘകാല വിസ അനുവദിക്കാനാണ് തീരുമാനം.

വിസയുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം ഈ വര്‍ഷം പ്രഖ്യാപിച്ച തീരുമാനങ്ങള്‍ ഇവയാണ്
1. ലേബര്‍ റിക്രൂട്ട്മെന്റിന് നേരത്തെ നിര്‍ബന്ധമായിരുന്ന ബാങ്ക് ഗ്യരന്റി അവസാനിപ്പിച്ചു. ഇതിന് പകരം ചിലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി.
2.സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വിസ കാലാവധി കഴിഞ്ഞ ശേഷം താമസിക്കുന്നവര്‍ക്കും പുതിയ വിസ നടപടിക്രമങ്ങള്‍ രൂപീകരിച്ചു.
3.ട്രാന്‍സിറ്റ് വിസയിലുള്ളവര്‍ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് എല്ലാ ഫീസുകളും ഒഴിവാക്കി. 50 ദിര്‍ഹം ഫീസ് നല്‍കിയാല്‍ ട്രാന്‍സിറ്റ് വിസ 96 മണിക്കൂറിലേക്ക് നീട്ടാനും കഴിയും.
4. രാജ്യത്ത് അനധികൃതമായി താമസിച്ചവര്‍ക്ക് രേഖകള്‍ ശരിയാക്കാം. ജോലി അന്വേഷിക്കാന്‍ ആറ് മാസത്തേക്ക് താല്‍ക്കാലിക വിസയും അനുവദിക്കും.
5. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും വൈദ്യശാസ്ത്രം, സയന്‍സ്, സാങ്കേതിക ഗവേഷണ രംഗങ്ങളിലെ വിദഗ്ദര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കും
6. വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 10 വര്‍ഷത്തേക്കും വിസ അനുവദിക്കും.
 

click me!