ബുർജ് ഖലീഫക്ക് മുമ്പിൽ ആയിരക്കണക്കിന് ഡ്രോണുകൾ ചേർന്ന ഭീമൻ സാന്താ, വീഡിയോക്ക് പിന്നിൽ?
ദുബൈ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ ബുർജ് ഖലീഫയ്ക്ക് സമീപം ഒരു ഭീമൻ സാന്താക്ലോസിനെ ആകാശത്ത് സൃഷ്ടിച്ചുവെന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്.

ആകാശം മുട്ടെ 'ഭീമൻ സാന്താ'
ദുബൈയിൽ ബുർജ് ഖലീഫയ്ക്ക് സമീപം ആയിരക്കണക്കിന് ഡ്രോണുകൾ ചേർന്ന് ഒരു ഭീമൻ സാന്താക്ലോസിനെ ആകാശത്ത് സൃഷ്ടിച്ചുവെന്ന തരത്തിലുള്ള ഒരു വീഡിയോ ശതകോടീശ്വരൻ എലോൺ മസ്ക് അടക്കമുള്ള പ്രമുഖർ പങ്കുവെച്ചിരുന്നു.
സാന്താ വീഡിയോ
ഈ വീഡിയോ ഇതിനോടകം 3.6 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. എന്നാൽ ഈ വിസ്മയ കാഴ്ചയ്ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.
ഭീമൻ സാന്താ
ബുർജ് ഖലീഫയുടെ തൊട്ടടുത്ത് ആകാശത്ത് ഡ്രോണുകൾ ചേർന്ന് കൈകൾ ചലിപ്പിക്കുന്ന സാന്താക്ലോസിനെ സൃഷ്ടിക്കുന്നതാണ് 3 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ.
ഇലോൺ മസ്കിനും തെറ്റി
ശതകോടീശ്വരൻ ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചു. വിനോദസഞ്ചാരികൾ മൊബൈൽ ഫോണിൽ പകർത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഈ ദൃശ്യം കണ്ടാൽ ആർക്കും അത് യഥാർത്ഥമാണെന്നേ തോന്നു.
ദുബൈ
ദുബൈ നഗരത്തിന്റെ സഹിഷ്ണുതയെയും ആഘോഷങ്ങളെയും പുകഴ്ത്തിക്കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തത്.
ഫാവെസ് സയാതിയുടെ വിഎഫ്എക്സ് മികവ്
യഥാർത്ഥത്തിൽ ഈ വീഡിയോ ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ചതല്ല, മറിച്ച് വിഎഫ്എക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎഫ്എക്സ് ആർട്ടിസ്റ്റ് ഫാവെസ് സയാതി ആണ് ഇതിന്റെ സ്രഷ്ടാവ്.
ഭീമൻ സാന്താ ഒറിജനൽ അല്ല
വീഡിയോ വൈറലായതോടെ എലോൺ മസ്കിനെ അഭിസംബോധന ചെയ്തുകൊണ്ട് ഫാവെസ് ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചു, ‘പ്രിയ സുഹൃത്തേ എലോൺ മസ്ക്, രണ്ട് വർഷം മുമ്പ് ഞാൻ നിർമ്മിച്ച വീഡിയോയാണിത്. ഇത് വ്യാജമാണ് . നിങ്ങൾക്ക് വേണമെങ്കിൽ സാന്താക്ലോസിന് പകരം അടുത്തതായി നിങ്ങളുടെ രൂപം ഞാൻ നിർമ്മിക്കാം’.
വ്യാജ വീഡിയോകൾ
സാങ്കേതിക വിദ്യ വളർന്നതോടെ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന വ്യാജ വീഡിയോകൾ നിർമ്മിക്കുന്നത് എളുപ്പമായി മാറിയിരിക്കുകയാണ്. തന്‍റെ ഇൻസ്റ്റാഗ്രാം ബയോയിൽ താനൊരു വിഎഫ്എക്സ് ആർട്ടിസ്റ്റാണെന്ന് ഫാവെസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പലരും അത് ശ്രദ്ധിക്കാതെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

