
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കോറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി. വൈറസ് ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി തൗഫീഖ് അല്‍റബീഅ വ്യക്തമാക്കി. വൈറസ് ബാധ തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് എത്തുന്നവരെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്.
സൗദിയിലെ വിമാനത്താവളങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് നേരിട്ടും അല്ലാതെയും എത്തുന്നവരെയെല്ലാം വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയാണ്. വിദേശങ്ങളില്‍ നിന്നെത്തുന്ന ചരക്കുകള്‍ വഴി വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംശയകരമായ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ആരോഗ്യമന്ത്രാലയം ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അത്തരം സാഹചര്യങ്ങളില്‍ സ്രവങ്ങളുടെ സാമ്പിളെടുത്ത് ലബോറട്ടറികളിലേക്ക് പരിശോധനക്കയക്കാന്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളെ കുറിച്ച് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചിക്കുന്നുണ്ട്. രോഗം പടരുന്നത് തടയാൻ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam