
കുവൈത്ത് സിറ്റി: നിരവധി ലോകരാജ്യങ്ങളില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം (Omicron) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുവൈത്തില്‍ (Kuwait) ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് (Sheikh Dr. Basel Al-Sabah) പറഞ്ഞു. വൈറസിന്റെ ജനിതക വ്യതിയാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യ മന്ത്രാലയം (Health Ministry) സ്വീകരിച്ചുപോന്ന നടപടികള്‍ പ്രശംസനീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ മുന്‍കരുതലുകളും നിയന്ത്രണ സംവിധാനവുമാണ് രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ഇടയില്‍ വൈറസ് വ്യാപനം കുറയ്‍ക്കാന്‍ സഹായിച്ചത്. എന്നിരുന്നാലും അടഞ്ഞ സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് ധരിക്കണം. എത്രയും വേഗം വാക്സിനെടുക്കുകയും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുകയും ആവശ്യമാവുന്ന സന്ദര്‍ഭങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്സിനേഷന്‍ നിരക്ക് നല്ല നിലയിലാണെങ്കിലും പുതിയ വൈറസ് വ്യാപിക്കുകയാണെങ്കില്‍ രോഗികളുടെ എണ്ണം കൂടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് കുവൈത്തിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam