കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ എടുത്ത ഉംറ തീർഥാടകർക്ക് ക്വാറന്റീൻ വേണ്ട

By Web TeamFirst Published Nov 29, 2021, 8:47 PM IST
Highlights

സൗദി അംഗീകാരമുള്ള വാക്‌സിന്റെ പൂര്‍ണ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് മക്കയിലെത്തിയാലുടന്‍ നേരിട്ട് ഉംറ നിര്‍വഹിക്കാം. മറ്റ് വാക്സിനുകളെടുത്തവര്‍ക്ക് മൂന്ന് ദിവസം ക്വാറന്റീന്‍

റിയാദ്: കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ (Saudi approved vaccines) എടുത്ത ഉംറ തീർഥാടകർക്ക് സൗദിയിൽ എത്തിയ ശേഷം ക്വാറന്റീൻ (Quarantine) വേണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. സൗദി അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് ഉംറ വിസയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കാണ് ഇളവ്. ഇവര്‍ക്ക് മക്കയിലെത്തിയാലുടന്‍ നേരിട്ട് ഉംറ നിര്‍വഹിക്കാം.

സൗദി അറേബ്യ അംഗീകരിച്ചിട്ടില്ലാത്ത, ലോകാരോഗ്യ സംഘടനാ അംഗീകാരമുള്ള കോവാക്‌സിൻ പോലുള്ള വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തെത്തിയ ശേഷം മൂന്നു ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ ബാധകമാണ്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇവര്‍ക്ക് നേരെ വിശുദ്ധ ഹറമിലെത്തി ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

ഫൈസര്‍, അസ്ട്രാസെനിക്ക (കോവിഷീൽഡ്), മോഡേണ, ജോണ്‍സണ്‍ എന്നീ നാലു വാക്‌സിനുകള്‍ക്കാണ് സൗദി അറേബ്യയുടെ അംഗീകാരമുള്ളത്. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കല്‍ സൗദി അറേബ്യയുടെ അടിസ്ഥാന ലക്ഷ്യമാണെന്ന് ഹജ്ജ് - ഉംറ മന്ത്രാലയ വക്താവ് എന്‍ജി. ഹിശാം സഈദ് പറഞ്ഞു.

click me!