
റിയാദ്: സൗദി തലസ്ഥാന നഗരിയെ പ്രകാശപൂരിതമാക്കിയ 'നൂര്‍ അല്‍ റിയാദ്' ഫെസ്റ്റിവല്‍ സമാപിച്ചു. 10 ദിവസം നീണ്ട മേള സമാപിക്കുമ്പോള്‍ ഗിന്നസ് ബുക്കില്‍ ആറു റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. റിയാദിലെ പാര്‍ക്കുകളും പ്രധാന കെട്ടിടങ്ങളും ഏരിയകളും ലൈറ്റ് അപ് ചെയ്ത് വിസ്മയം തീര്‍ത്താണ് നൂര്‍ റിയാദ് സ്വന്തമാക്കിയത് പ്രകാശകല മേഖലയിലെ ലോകത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് ആണെന്ന് റിയാദ് ആര്‍ട്ട് സി.ഇ.ഒ എന്‍ജിനീയര്‍ ഖാലിദ് അല്‍സഹ്റാനി പറഞ്ഞു.
40 രാജ്യങ്ങളില്‍നിന്നുള്ള 130 കലാകാരന്മാര്‍ നേതൃത്വം നല്‍കിയ നൂര്‍ റിയാദ് കിംഗ് അബ്ദുല്ല പാര്‍ക്ക്, സലാം പാര്‍ക്ക്, ഡിപ്ലോമാറ്റിക് കോര്‍ട്ട്, ദര്‍ഇയയിലെ ജാക്സ് സ്ട്രീറ്റ്, കിംഗ് അബ്ദുല്ല ഇകണോമിക് സെന്റര്‍ എന്നീ അഞ്ചു പ്രധാന കേന്ദ്രങ്ങളെയടക്കം 40 കേന്ദ്രങ്ങളെയാണ് പ്രകാശ വിസ്മയത്തില്‍ കുളിപ്പിച്ചുനിര്‍ത്തിയത്. 30 കലാകാരന്മാര്‍ അണിനിരക്കുന്ന ഔട്ട്ഡോര്‍ ശില്‍പകല 2023 ജനുവരിയില്‍ നടത്തും. ഏറ്റവും നൂതന സാങ്കേതിക വിദ്യകളിലൂടെ കലാപരമായ ആശയങ്ങളുപയോഗിച്ച് നഗരത്തിലെ എല്ലാ ടവറുകളെയും ലേസറുകളിലൂടെ ബന്ധിപ്പിക്കാന്‍ നൂര്‍ റിയാദിന് സാധിച്ചെന്നും സംവിധായകരിലൊരാളായ ഫ്രഞ്ച് ലൈറ്റ് അപ് കലാകാരന്‍ അര്‍നോ മാര്‍ട്ടിന്‍ പറഞ്ഞു.
Read More - ലോകകപ്പ് സംഘാടനം; ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി
ഞങ്ങള്‍ നവചക്രവാളങ്ങളുടെ സ്വപ്നത്തിലാണെന്ന ശീര്‍ഷകത്തില്‍ ഈ മാസം ഒന്നു മുതല്‍ 19 വരെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ലണ്ടനിലെ ചാള്‍സ് സാന്‍ഡിസന്റെ സൃഷ്ടികള്‍ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ വേദിയിലാണ് പ്രദര്‍ശിപ്പിച്ചത്. വാട്ടര്‍ലൈറ്റ് എന്ന പേരില്‍ ഡച്ച് കലാകാരനായ ഡാ റൂസ്ഗാര്‍ഡ് ജലത്തിന്റെ ശക്തിയും അത് വഹിക്കുന്ന ആശയങ്ങളും വ്യക്തമാക്കുന്ന അതിശയിപ്പിക്കുന്ന പ്രകടനമാണ് സലാം പാര്‍ക്കില്‍ ഒരുക്കിയത്.
Read More - സ്വദേശിവത്കരണം; മിനി മാര്‍ക്കറ്റുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന
സൗദി കലാകാരനായ അസ്അദ് ബദവിയുടെ സൂര്യന്‍ പ്രകാശ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുവെന്ന ശീര്‍ഷകത്തിലെ ലൈറ്റ് ഷോ കിംഗ് അബ്ദുല്ല ഇക്കണോമിക് സെന്ററിലാണ് സംഘടിപ്പിച്ചത്. അറബ് ലോകത്തെ പ്രമുഖ ഗായകരായ മുഹമ്മദ് അബ്ദു, അഹ്ലാം, അബ്ദുല്‍ കരീം അബ്ദുല്‍ ഖാദര്‍, മെയ് ഫാറൂഖ് എന്നിവരുടെ പ്രണയ ഗാനങ്ങളുടെ വരികള്‍ക്കനുസരിച്ച് കലാകാരി ദാനിയ അല്‍സാലിഹ് ചിട്ടപ്പെടുത്തിയ ലൈറ്റ് ഷോ ഊദ് സ്‌ക്വയറിലും പ്രദര്‍ശിപ്പിച്ചു. ഫ്രഞ്ച് കലാകാരന്‍ ഇയാന്‍ കെര്‍സാലി രൂപപ്പെടുത്തിയ ഗ്രാമി അവാര്‍ഡ് ജേതാവ് ജെയ് ഇസഡിന്റെ ട്യൂണിനനുസരിച്ച് കിംഗ്ഡം ടവര്‍, ഫൈസലിയ ടവര്‍, മജ്ദൂല്‍ ടവര്‍ എന്നിവക്കിടയില്‍ ലേസര്‍ ലൈറ്റുകളുടെ ഷോയായിരുന്നു ഇതില്‍ ഏറ്റവും ആകര്‍ഷകമായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ