Nursing recruitment : മലയാളി നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്കയും ജര്‍മന്‍ ഏജന്‍സിയും ധാരണാപത്രം ഒപ്പിടും

By Web TeamFirst Published Dec 1, 2021, 4:29 PM IST
Highlights

കൊവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തില്‍ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ അനന്തസാധ്യകള്‍ക്ക് വഴിതുറന്ന് നോര്‍ക്ക റൂട്ട്‌സും(Norka roots) ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്‌മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും(German Federal Employment Agency)  മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളെ തുടര്‍ന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കു പുറമെയുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള നോര്‍ക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജര്‍മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെന്റിന് വഴി തുറന്നിരിക്കുന്നത്. ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ജര്‍മന്‍ റിക്രൂട്ട്മെന്റ്  പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍  ജര്‍മനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്.  മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുള്ള  വിപുലമായ കുടിയേറ്റ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിള്‍ വിന്‍ കണക്കാപ്പെടുന്നത്. 

കൊവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തില്‍ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്‌സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങൂന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെ റിക്രൂട്ടുചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോര്‍ക്ക റൂട്ട്‌സ്. 

ജര്‍മനിയില്‍ നഴ്‌സിംഗ് ലൈസന്‍സ് ലഭിച്ച് ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷാ വൈദഗ്ദ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്‌സിംഗ് ബിരുദവും  ആവശ്യമാണ്.  ജര്‍മന്‍ ഭാഷയില്‍  ബി2 ലെവല്‍ യോഗ്യതയാണ് ജര്‍മനിയില്‍ നഴ്സ് ആയി  ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാല്‍ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍ മതിയാകും.

ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ  ഇന്റര്‍വ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവര്‍ക്ക് ഗൊയ്‌തെ സെന്‍ട്രം (Goethe Centram) മുഖേന ജര്‍മന്‍ ഭാഷാ പ്രാവീണ്യം  നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും. പരിശീലനം നല്‍കുന്ന അവസരത്തില്‍ തന്നെ ഉദ്യോഗാര്‍ഥികളുടെ  സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജര്‍മന്‍ ഭാഷയില്‍ ബി2, ബി1 ലെവല്‍ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാര്‍ഡും പഠിതാക്കള്‍ക്ക് ലഭിക്കും.  ബി1   ലെവല്‍ പാസ്സായാല്‍ ഉടന്‍ തന്നെ വിസ നടപടികള്‍ ആരംഭിക്കുകയും എത്രയും വേഗം ജര്‍മനിയിലേക്ക് പോകാനും കഴിയും. തുടര്‍ന്ന് ബി2  ലെവല്‍ ഭാഷാ പരിശീലനവും ജര്‍മനിയിലെ ലൈസെന്‍സിങ് പരീക്ഷക്കുള്ള പരീശീലനവും ജര്‍മനിയിലെ തൊഴില്‍ ദാതാവ് നല്കും. ജര്‍മനിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷകള്‍ പാസ്സായി ലൈസന്‍സ് നേടേണ്ടതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ സമയം ലഭിക്കും. ജര്‍മനിയില്‍ എത്തി പരീക്ഷ പാസ്സാകുന്ന വരെയുള്ള കാലയളവില്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതിനും ജര്‍മന്‍ പൗരന്‍മാര്‍ക്ക് തുല്ല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ട്. 

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ  ആവിര്‍ഭാവത്തെത്തുടര്‍ന്ന്  രാജ്യങ്ങള്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക്  വിലക്കേര്‍പ്പെടുത്തിയ  സാഹചര്യത്തില്‍ ഇന്ത്യയിലെ ജര്‍മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ കോണ്‍സുലര്‍ ജനറല്‍     അച്ചിം  ബുര്‍ക്കാര്‍ട്ട്, ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്റ് ലേബര്‍ അഫേയഴ്‌സ് വകുപ്പിലെ  കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി  എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാന്‍ കേരളത്തില്‍ എത്തുന്നത്. രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്‌സ് സി.ഇ.ഒ  കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും കോണ്‍സിലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണപത്രം കൈമാറും. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍  സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ജര്‍മന്‍ ഹോണററി കോണ്‍സല്‍ സയ്ദ് ഇബ്രാഹിം  എന്നിവര്‍ പങ്കെടുക്കും.   

click me!