Gulf News : സൗദിയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ 20 ലക്ഷം രൂപ പിഴ

By Web TeamFirst Published Dec 1, 2021, 4:18 PM IST
Highlights

നിയമ ലംഘകരെ ജോലിക്കു വെച്ചതിന്റെ ഉത്തരവാദിത്തമുള്ള മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിദേശികളായ മാനേജര്‍മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) നിയമ ലംഘകരായ(law violators) വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് (Jawazat). നിയമ ലംഘകരെ ജോലിക്കു വെക്കുന്നവര്‍ക്കും സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ പുതിയ തൊഴില്‍ വിസകള്‍ നിഷേധിക്കും. 

നിയമ ലംഘകരെ ജോലിക്കു വെച്ചതിന്റെ ഉത്തരവാദിത്തമുള്ള മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിദേശികളായ മാനേജര്‍മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. ജോലിക്കു വെക്കുന്ന നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

click me!