സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം. ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക ചരിത്രത്തിലെ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട്, വിദേശികൾക്ക് രാജ്യത്ത് ഭൂമിയും വസ്തുവകകളും സ്വന്തമാക്കാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ജനുവരി 22 വ്യാഴാഴ്ച മുതലാണ് നിയമം നടപ്പിലായത്. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

2025 ജൂലൈയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തത്. വിദേശികൾക്ക് ഭൂമി വാങ്ങാൻ സാധിക്കുന്ന പ്രത്യേക സ്ഥലങ്ങൾ ഈ വർഷം ആദ്യ പാദത്തിൽ പ്രഖ്യാപിക്കുന്ന ‘ഭൂമിശാസ്ത്ര മേഖല രേഖ’ (Geographical Area Map) വഴി വ്യക്തമാക്കും. പുതിയ നിയമം നിലവിൽ വന്നുവെങ്കിലും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ഈ മേഖലകളിലെ ഉടമസ്ഥാവകാശം സൗദി പൗരന്മാർ, സൗദി പൗരന്മാരുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്‌ലിം വ്യക്തികൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അപേക്ഷിക്കേണ്ടത് എങ്ങനെ?

വസ്തുവകകൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി ‘സൗദി റിയൽ എസ്റ്റേറ്റ്’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

1. പ്രവാസികൾ: ഇഖാമ (റെസിഡൻറ് പെർമിറ്റ്) നമ്പർ ഉപയോഗിച്ച് പോർട്ടൽ വഴി നേരിട്ട് അപേക്ഷിക്കാം.

2. വിദേശത്തുള്ളവർ: സൗദി എംബസി/കോൺസുലേറ്റ് വഴി ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് എടുത്ത ശേഷം അപേക്ഷിക്കാം.

3. വിദേശ കമ്പനികൾ: 'ഇൻവെസ്റ്റ് സൗദി' വഴി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന യൂനിഫൈഡ് നമ്പർ (700) ഉപയോഗിക്കണം.

കൂടുതൽ വിവരങ്ങൾക്ക്

സുതാര്യത ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സംവിധാനവുമായി ഈ പോർട്ടലിനെ നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. സംശയങ്ങൾക്കായി താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാം:

1. വെബ്സൈറ്റ്: ‘സൗദി റിയൽ എസ്റ്റേറ്റ്’ ഔദ്യോഗിക പോർട്ടൽ.

2. കോൾ സെന്റർ: 920017183