
തിരുവനന്തപുരം: ഖത്തര്‍ കെ.എം.സി.സിക്ക് നോര്‍ക്കയുടെ അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. കെഎംസിസിക്ക് അംഗീകാരം നല്‍കിയത് രാഷ്‍ട്രീയ തീരുമാനമല്ലെന്നും, വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല എന്ന് നോര്‍ക്കയുടെ ഡയറക്ടര്‍ ബോര്‍ഡിന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകള്‍ക്കും ഈ പരിഗണന ലഭിക്കുമെന്നും നോര്‍ക്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്ക് അഫിലിയേഷന്‍ നല്‍കേണ്ടതില്ല എന്നത് നേരത്തേയുള്ള തീരുമാനമാണ്. ഈ സാഹചര്യത്തില്‍ പൊതുവേ പല അസോസിയേഷനുകള്‍ക്കും അഫിലിയേഷന്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടി വച്ചിരുന്നു. അഫിലിയേഷനുവേണ്ടിയുള്ള ഖത്തര്‍ കെ.എം.സി.സിയുടെ അപേക്ഷ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പരിശോധിക്കുകയും ഇക്കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ബോര്‍ഡിന് സമര്‍പ്പിക്കാന്‍ റസിഡന്‍റ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഒരു സബ്കമ്മിററിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഖത്തര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സമിതി അവര്‍ക്ക് അഫിലിയേഷന്‍ നല്‍കാവുന്നതാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഭാവിയിലും ഒരു തരത്തില്‍ ഉള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ട ശേഷം ഖത്തര്‍ കെ.എം.സി.സിക്ക് അംഗീകാരം നല്‍കാവുന്നതാണെന്ന് കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് തീരൂമാനിച്ചു. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനങ്ങളും നല്‍കേണ്ടതില്ല. ഈ തീരുമാനം ഒരു രാഷ്ട്രീയ തീരുമാനവും അല്ല. ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോര്‍ക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം ദുര്‍വ്യാഖ്യാനമാണെന്ന് നോര്‍ക്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam