കൊവിഡ് കാലത്ത് സ്വകാര്യമേഖലയ്ക്ക് അനുവദിച്ച ഇളവുകള്‍ നീട്ടി സൗദി അറേബ്യ

By Web TeamFirst Published Jul 2, 2020, 7:39 PM IST
Highlights

സ്വകാര്യ മേഖലയെയും നിക്ഷേപകരെയും കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇളവുകള്‍ നീട്ടുന്നത്.

റിയാദ്: കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ സ്വകാര്യ മേഖലയ്ക്ക് പ്രഖ്യാപിച്ച ഇളവുകളില്‍ ചിലത് നീട്ടി നല്‍കുമെന്ന് സൗദി അറേബ്യ. മാര്‍ച്ചില്‍ അനുവദിച്ച ഇളവുകള്‍ മൂന്നു മാസം പിന്നിട്ട സാഹചര്യത്തിലാണ് ഇളവുകള്‍ നീട്ടി നല്‍കാന്‍ സൗദി ഉന്നതസഭ തീരുമാനമെടുത്തത്.

സ്വകാര്യ മേഖലയെയും നിക്ഷേപകരെയും കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇളവുകള്‍ നീട്ടുന്നത്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് വേതന സംരക്ഷണ സംവിധാനമായ 'സാനിദ്' ആനുകൂല്യം ലഭിക്കല്‍, റിക്രൂട്ടിങ് നടപടികളിലുള്ള സാമ്പത്തിക പിഴ ഒഴിവാക്കല്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഒഴിവാക്കല്‍, സ്വദേശികളെ നിയമിച്ചാല്‍ കാലതാമസം വരുത്താതെ ഉടന്‍ തന്നെ സ്വദേശിവത്കരണ പദ്ധതിയായ നിതാഖത്തില്‍ ഉള്‍പ്പെടുത്തി നിയമ പ്രാബല്യം നല്‍കല്‍, കസ്റ്റംസ് തീരുവ അടയ്ക്കാനുള്ള സാവകാശം ഒരു മാസം വരെയാക്കി നീട്ടി നല്‍കല്‍, മൂല്യ വര്‍ധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കല്‍, വിദേശ തൊഴിലാളികളുടെ ലെവി ഇഖാമ കാലാവധി അവസാനിച്ച തീയതി മുതല്‍ ഒരു മാസത്തേക്ക് കൂടി ഒഴിവാക്കി നല്‍കല്‍, ആവശ്യമെങ്കില്‍ ഒരു മാസത്തേക്ക് കൂടി അധികമായി ലെവി ഇളവ് പദ്ധതി ദീര്‍ഘിപ്പിക്കല്‍  എന്നിങ്ങനെയുള്ള ഇളവുകളാണ് നീട്ടി നല്‍കിയത്. 

സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം: ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി

click me!