പിഴ ഇരട്ടിയാക്കി, സിസിടിവി നിര്‍ബന്ധം; ഒമാനിലെ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേദഗതി

By Web TeamFirst Published May 9, 2019, 10:30 AM IST
Highlights

വാണിജ്യ ലൈസൻസും മറ്റ് അനുമതിപത്രങ്ങളുമില്ലാതെ ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കപെടുന്നത് പിടിക്കപെട്ടാൽ 100 ഒമാനി റിയാല്‍ മുതൽ 5,000 റിയാൽ വരെ പിഴ ഈടാക്കും.  ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ 500 ഒമാനി റിയാലായിരിക്കും പിഴ.

മസ്കത്ത്: ഭക്ഷ്യസുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് ഒമാൻ പ്രാദേശിക നഗരസഭാ- ജലവിഭവ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിലവിലെ പിഴ ഇരട്ടിയാക്കിയും ശിക്ഷാ നടപടികള്‍  കൂടുതൽ കർശനമാക്കിക്കൊണ്ടുമാണ് പരിഷ്കരണങ്ങൾ നടത്തിയിരിക്കുന്നത്.  

വാണിജ്യ ലൈസൻസും മറ്റ് അനുമതിപത്രങ്ങളുമില്ലാതെ ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കപെടുന്നത് പിടിക്കപെട്ടാൽ 100 ഒമാനി റിയാല്‍ മുതൽ 5,000 റിയാൽ വരെ പിഴ ഈടാക്കും.  ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ 500 ഒമാനി റിയാലായിരിക്കും പിഴ. ഭക്ഷണ ശാലകൾ, ഫാസ്റ്റ് ഫുഡ് വില്പന കേന്ദ്രങ്ങൾ, ബേക്കറികൾ, ഭക്ഷ്യസംസ്കരണ പ്ലാന്റുകൾ, അറവുശാലകൾ, ഷോപ്പിങ് മാളുകൾ  തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ പെടും. 

ഭക്ഷണ സാധനത്തിലെ ഉള്ളടക്കം കൃത്യമായി രേഖപ്പെടുത്താതിരിക്കുകയോ, ഭക്ഷണ പദാർത്ഥതത്തിൽ  മദ്യത്തിന്റെയും പന്നിയിറച്ചിയിയുടെയും അംശം കണ്ടെത്തുകയോ ചെയ്താൽ 500 ഒമാനി റിയാൽ മുതൽ 2,000 റിയാൽ വരെയും പിഴ ചുമത്തും. ഗുരുതര നിയമലംഘനങ്ങൾക്ക് 5000 ഒമാനി റിയാൽ പിഴയും ഒപ്പം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതടക്കമുള്ള  നടപടികളും സ്വീകരിക്കും.

പരിശോധനകൾ ഉറപ്പു വരുത്തുവാൻ ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കുന്ന സ്ഥലത്തും, കേടു വരാതെ  സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കണമെന്നും ഭേദഗതി ചെയ്യപെട്ട  നിയമത്തിൽ പറയുന്നു.

click me!