നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഒമാന്‍; ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും

By Web TeamFirst Published Feb 18, 2021, 12:13 AM IST
Highlights

തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

മസ്‍കത്ത്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഒമാന്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. വൈറസ് വ്യാപനം വര്‍ധിച്ച രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു.

സുപ്രീം കമ്മിറ്റി വിഷയം പഠിച്ചുവരികയാണെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്. താന്‍സാനിയയില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരില്‍ 18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരത്തില്‍ ഉയര്‍ന്ന രോഗപകര്‍ച്ചയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത് സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികള്‍ 100 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രി വ്യാപാര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് മുക്തി നേടിയവര്‍ 94 ശതമാനം കടന്നുവെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ രണ്ടാഴ്ചക്കിടെ രോഗികള്‍ കുത്തനെ ഉയര്‍ന്നതായും ഡോ. അഹമദ് അല്‍ സഈദി വ്യക്തമാക്കി. 

ചില ഗവര്‍ണറേറ്റുകളില്‍ വാക്സീന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവർക്ക് ഇളവ് അനുവദിച്ചു. 16ൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവര്‍ക്കാണ് ഇളവ്.

click me!