വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; ഒമാനില്‍ കടകള്‍ക്ക് പിഴ ചുമത്തി

By Web TeamFirst Published Nov 9, 2022, 1:05 PM IST
Highlights

വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്‍തതിന് പുറമെ വ്യാജ ഉത്പങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തു. ഈ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

മസ്‍കത്ത്: വ്യാജ ഉത്പന്നങ്ങള്‍ വിറ്റതിന് ഒമാനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ. അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് രണ്ട് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയത്. ഈ കടകള്‍ക്ക് 1500 ഒമാനി റിയാല്‍ (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വീതം പിഴ ചുമത്തി.

ഉപഭോക്തൃ താത്പര്യം മുന്‍നിര്‍ത്തി വാണിജ്യ കേന്ദ്രങ്ങളിലും വിപണികളിലും മാര്‍ക്കറ്റുകളിലും നടത്തിവരുന്ന പതിവ് പരിശോധനകളുടെ ഭാഗമായിരുന്നു റെയ്‍ഡുകളെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ബന്ധപ്പെട്ട ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്.

Read also: പ്രവാസി ജീവനക്കാരെ നിയമ വിരുദ്ധമായി ജോലിക്ക് നിയമിച്ചു: യുഎഇയില്‍ കമ്പനി മേധാവിക്ക് വന്‍തുക പിഴ

വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്‍തതിന് പുറമെ വ്യാജ ഉത്പങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തു. ഈ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനും നിബന്ധനകള്‍ പാലിക്കാത്തതിനും 1500 ഒമാനി റിയാല്‍ വീതം പിഴ ചുമത്തുകയും ചെയ്‍തു. 

ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും അപകടത്തിലാക്കുന്ന ഒരു പ്രവര്‍ത്തനവും അംഗീകരിക്കാനാവില്ലെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ വിവിധ മാര്‍ഗങ്ങളിലൂടെ അക്കാര്യം  കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Read also:  കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരില്‍ യുഎഇയില്‍ സുഹൃത്തിനെ കുത്തിയ യുവാവിന് ശിക്ഷ

click me!