
മസ്‌കറ്റ്: ദേശീയ ദിനാഘോഷ നിറവിൽ ഒമാൻ. നവംബർ 20 വെള്ളിയാഴ്ച ദേശീയ ദിനം ആഘോഷിക്കുകയാണ് ഒമാൻ നിവാസികൾ. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ആധുനിക ഒമാനി നവോത്ഥാനത്തിന്റെ നേട്ടങ്ങളും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പാക്കിയാണ് രാജ്യം ഇത്തവണത്തെ ദേശീയ ദിനത്തെ വരവേൽക്കുന്നത്.
ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുക, വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക, യുവജനങ്ങളെ ശാക്തീകരിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, സമൃദ്ധിക്കും ക്ഷേമത്തിനും അടിത്തറയിടുക എന്നിവ ലക്ഷ്യമിടുന്ന 'ഒമാൻ വിഷൻ 2040'-ന്‍റെ ചുവടുപിടിച്ചുള്ള നവോത്ഥാന പാതയിലാണ് രാജ്യം. ദേശീയ കഴിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി വിവിധ മേഖലകളിലായി നടപ്പിലാക്കുന്ന പദ്ധതികളിലൂടെ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മുന്നേറ്റത്തിലാണ് ഒമാൻ.
ഒമാന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 344 തടവുകാർക്ക് സുൽത്താൻ രാജകീയ മാപ്പ് അനുവദിച്ചിട്ടുണ്ട്. സുപ്രീം കമാൻഡറായ സുൽത്താന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികളും വിദേശികളുമായ തടവുകാർക്ക് മാപ്പ് ലഭിച്ചിട്ടുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് തീരുമാനം. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങളും പ്രയാസങ്ങളും കൂടി കണക്കിലെടുത്താണ് ഈ മാനുഷിക പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
ദേശീയ ദിനത്തോട് അനുബന്ധിച്ച് റോയൽ ഒമാൻ പൊലീസിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആഘോഷങ്ങൾ നിയമങ്ങൾ പാലിച്ചും മാന്യമായ രീതിയിലുമായിരിക്കണമെന്നും പൊലീസ് വ്യക്തമാക്കി. വാഹനങ്ങളുടെ ജനാലകളിലൂടെ പുറത്തേക്ക് തലയിടുന്നതും സൺറൂഫ് തുറന്ന് യാത്ര ചെയ്യുന്നതും, വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളും അമിതവേഗതയും, ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതും നിറങ്ങൾ (സ്പ്രേ കളറുകൾ) തളിക്കുന്നതും, പൊതുസദാചാരത്തിന് വിരുദ്ധമായ പെരുമാറ്റങ്ങൾ എന്നിവ ആഘോഷവേളകളിൽ പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വാണിജ്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2025-ലെ 25-ാം നമ്പർ രാജകീയ ഉത്തരവ് പ്രകാരം, എല്ലാ വാണിജ്യ ഉൽപ്പന്നങ്ങളിലും പരിപാടികളിലും പ്രസിദ്ധീകരണങ്ങളിലും "ദേശീയ ദിനം" എന്ന പേര് തന്നെയാണ് ഉപയോഗിക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. സുൽത്താന്റെ ഔദ്യോഗിക ചിഹ്നം, സുൽത്താന്റെ കൊട്ടാരങ്ങളുടെ ചിത്രങ്ങൾ, സുൽത്താന്റെ പേരിലുള്ള പള്ളികളുടെ ചിത്രങ്ങൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മന്ത്രാലയം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ദേശീയ ചിഹ്നം, സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ചിത്രം, ഒമാൻ ദേശീയ പതാക, സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഭൂപടം എന്നിവ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ ലൈസൻസ് നേടിയ ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam