
മസ്കറ്റ്: ഒമാനിലേക്ക് വരുന്നവർക്കും ഒമാനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മാർഗനിർദേശങ്ങളുമായി ഒമാൻ കസ്റ്റംസ് വകുപ്പ്. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ വഴി വരുന്നവര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അതിർത്തി കടന്ന് പണമായോ മറ്റ് കൈമാറ്റം ചെയ്യാവുന്ന രേഖകളായോ കൊണ്ടുപോകുന്ന തുകയ്ക്ക് ഒമാൻ കസ്റ്റംസ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്.
രാജ്യത്തിനകത്തേക്ക് പ്രവേശിക്കുകയോ, പുറത്തുപോകുകയോ, ഒമാനിലൂടെ ട്രാൻസിറ്റ് ചെയ്യുകയോ ചെയ്യുന്ന എല്ലാ വ്യക്തികളും 6,000 ഒമാനി റിയാലോ (RO 6,000) അതിന് തുല്യമായ മറ്റ് കറൻസികളോ കൈവശം വെച്ചാൽ അത് നിർബന്ധമായും കസ്റ്റംസിൽ വെളിപ്പെടുത്തണം. 6,000 ഒമാനി റിയാല്‍ വരുന്ന പണം, ചെക്കുകള്‍, സെക്യൂരിറ്റികള്‍, ഓഹരികള്‍, പേയ്‌മെന്റ് ഓര്‍ഡറുകള്‍, അമൂല്യ ലോഹങ്ങള്‍, സ്വര്‍ണം, വജ്രം, അമൂല്യ കല്ലുകള്‍, 6,000 റിയാലിന് തുല്യമായ മറ്റ് കറന്‍സികള്‍ തുടങ്ങിയവ കൈവശം വെച്ച് രാജ്യത്തിലേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാരാണ് ഈ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടത്. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷന്‍ നടത്താം.
ഒമാനിലേക്കോ ഒമാനിൽ നിന്നോ യാത്ര ചെയ്യുന്നവരോ തപാൽ, ഷിപ്പിങ് സേവനങ്ങളിലൂടെ പണം അയക്കുന്നവരോ സാമ്പത്തികരേഖകൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർ നിശ്ചയിച്ച പരിധി കടന്നിട്ടുണ്ടെങ്കിൽ ആ പണത്തെക്കുറിച്ചും രേഖകളെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. നിർദേശം പാലിക്കാത്തവർക്ക് കനത്ത പിഴ നൽകേണ്ടിവരുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ സാഹചര്യങ്ങൾ തടയുന്നതിനായാണ് ഒമാൻ കസ്റ്റംസ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ആർട്ടിക്കിൾ (98) പ്രകാരം ക്രിമിനൽ കുറ്റമാണ്. വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ 10,000 റിയാൽ (RO 10,000) വരെ പിഴയും ലഭിക്കാം. നിയമ സ്ഥാപനങ്ങൾക്ക് പിഴ 10,000 റിയാലിനും വെളിപ്പെടുത്താത്ത മൊത്തം തുകയ്ക്കും ഇടയിലായിരിക്കും. തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമല്ലാത്തതോ ആയ വിവരങ്ങൾ നൽകുകയോ പ്രധാന വസ്തുതകൾ മറച്ചുവെക്കുകയോ ചെയ്യുമ്പോൾ.
അതുപോലെ തന്നെ പരിചയമില്ലാത്തവരിൽ നിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുതെന്നതാണ് നിദേശം. ബഗേജിന്റെ ഉള്ളിലുള്ളതെന്താണെന്ന് പരിശോധിക്കതെ വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലഗേജ് കൈമാറരുത്. നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ ആരുടെ കൈവശമാണോ ആ വസ്തുക്കളുള്ളത് അത് അയാൾക്കെതിരെയുള്ള തെളിവായി മാറും. സ്വകാര്യ ആവശ്യത്തിനുള്ള വീഡിയോ കാമറ, കൊണ്ടുനടക്കാവുന്ന സംഗീതോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടി.വിയും റിസീവറും, ബേബി സ്ട്രോളറുകള്‍, ഭിന്നശേഷിക്കാരുടെ കസേരകൾ, കമ്പ്യൂട്ടര്‍, മൊബൈല്‍ പ്രിന്ററുകള്‍, തുണികളും വ്യക്തിഗത വസ്തുക്കളും, സ്വന്തം ആവശ്യത്തിനുള്ള ആഭരണങ്ങള്‍, സ്വന്തം സ്പോര്‍ട്സ് ഉപകരണങ്ങള്‍, സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മാർഗനിർദ്ദേശങ്ങളിൽ വിശദീകരിക്കുന്നുണ്ട്. അനുവദനീയമായ സിഗരറ്റുകള്‍ കൈവശം വെക്കുന്ന യാത്രക്കാരന് പ്രായപൂർത്തിയായ ആളായിരിക്കണം.
മരുന്നുകള്‍, ഡ്രഗ്, മെഡിക്കല്‍ മെഷീനുകള്‍, ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ വസ്തുക്കള്‍, എംഎജി ട്രാന്‍സ്മിറ്ററുകള്‍, ഡ്രോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള അംഗീകാരം നേടണം. നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കള്‍ മറ്റ് യാത്രക്കാരില്‍ കണ്ടാല്‍ അക്കാര്യം അധികാരികളെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
എല്ലാ തരത്തിലുമുള്ള ആയുധങ്ങള്‍, മയക്കുമരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, സ്ഫോടക വസ്തുക്കള്‍, ശരിയായ പ്രകൃതം മറയ്ക്കുന്ന വസ്തുക്കള്‍ (ശൂലമോ വാളോയുള്ള ഊന്നുവടികള്പോലെ), റൈഫിളുകള്‍, പിസ്റ്റളുകള്‍, ആയുധങ്ങളും ഉപകരണങ്ങളുമുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സൈനിക യൂനിഫോമിന് സമാനമായ വസ്ത്രം, റൈഫിള്‍ സ്കോപ്, നൈറ്റ് സ്കോപ്, ആനക്കൊമ്പ്, വൈദ്യുതി തോക്ക് എന്നിവ ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച് നിരോധിച്ച വസ്തുക്കളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam