ഒളിച്ചോടുന്ന വിദേശ ജീവനക്കാർക്കെതിരെ പുതിയ മാനദണ്ഡങ്ങളുമായി ഒമാൻ

By Web TeamFirst Published Aug 14, 2018, 12:48 AM IST
Highlights

ഏഴു ദിവസം തുടർച്ചയായി ഒരു  ജീവനക്കാരൻ  ജോലിക്ക് ഹാജരാകാതെ ഇരുന്നാൽ, ഒളിച്ചോട്ടമായി  തൊഴിൽ  ഉടമയ്ക്ക് പരാതി നൽകുവാൻ സാധിക്കും

മസ്കറ്റ്: ഒളിച്ചോടുന്ന വിദേശ ജീവനക്കാർക്കെതിരെ പരാതി നൽകുമ്പോള്‍ തൊഴിലുടമകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കർശനമാക്കി ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം. മാസം അഞ്ച്  പരാതികളിൽ കൂടുതൽ നൽകുന്ന കമ്പനികളെ നിരീക്ഷിക്കും. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴയീടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ഏഴു ദിവസം തുടർച്ചയായി ഒരു  ജീവനക്കാരൻ  ജോലിക്ക് ഹാജരാകാതെ ഇരുന്നാൽ, ഒളിച്ചോട്ടമായി തൊഴിൽ ഉടമയ്ക്ക് പരാതി നൽകുവാൻ സാധിക്കും .

തൊഴിൽ  നിയമത്തിൽ  വരുത്തിയ   ഭേദഗതി  അനുസരിച്ചു,  സമർപ്പിക്കുന്ന  പരാതിയോടൊപ്പം  ജീവനക്കാരന് മൂന്നു മാസം ശമ്പളം നൽകിയിട്ടുള്ള   ബാങ്ക് രേഖകളും തൊഴിൽ ഉടമ സമർപ്പിച്ചിരിക്കണം. തൊഴിൽ ഉടമയുടെ ഈ പരാതിയിൻമേൽ    ജീവനക്കാർക്ക്  മറുപടി നൽകുവാൻ  അറുപതു ദിവസം സമയവും  അനുവദിച്ചിട്ടുണ്ട്.

ജീവനക്കാരൻ അവധിയിൽ ആയിരിക്കുമ്പോൾ, തൊഴിൽ ഉടമയും ജീവനക്കാരനുമായി ഏതെങ്കിലും  കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും  ഒളിച്ചോടിയെന്ന പരാതി തൊഴിൽ ഉടമ നൽകുന്നത്   കുറ്റകരമായി കണക്കാക്കും.

ഒരു മാസം അഞ്ചിലധികമോ ഒരു വർഷത്തിൽ  പത്തിലധികമോ  ഒളിച്ചോട്ടം സംബന്ധിച്ച  പരാതികൾ ലഭിച്ചാൽ സ്ഥാപനങ്ങളുടെ  പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കും. തൊഴിൽ ഉടമ നൽകിയ പരാതി  ശരിയാണെന്നു  മന്ത്രാലയത്തിന് ബോധ്യപെട്ടാൽ നാനൂറു മുതൽ 800  ഒമാനി റിയൽ  തൊഴിലാളി പിഴ നല്കേണ്ടി വരും.

മന്ത്രാലയത്തിന്‍റെ വെബ് സൈറ്റിലൂടെ ആണ്  തൊഴിൽ ഉടമകൾ പരാതികൾ സമർപ്പിക്കേണ്ടത്. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും  വീഴ്ചകൾ  തൊഴിൽ ഉടമ വരുത്തിയാൽ അഞ്ഞൂറ് ഒമാനി റിയൽ പിഴ നല്കേണ്ടി വരും.
 

tags
click me!