തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഒമാനില്‍ ഇനി അതിവേഗ കോടതികൾ

By Web TeamFirst Published May 25, 2019, 9:53 AM IST
Highlights

രാജ്യത്തെ തൊഴിൽ മേഖല കൂടുതൽ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ യോഗ്യതയുള്ള സ്വദേശികളുടെ ജോലിയിലുള്ള പ്രാവിണ്യം ഉറപ്പു വരുത്തുന്നതിനുമായി ഒമാൻ  മനുഷ്യാവകാശ മന്ത്രാലയവും നീതിന്യായ വകുപ്പും ചേർന്ന് അതിവേഗ കോടതികൾ ആരംഭിക്കുന്നു. 

മസ്കത്ത്: രാജ്യത്തെ തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഒമാൻ സർക്കാർ അതിവേഗ കോടതികൾ സ്ഥാപിക്കുന്നു. ഒമാൻ  മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു മന്ത്രാലയങ്ങളും ഒപ്പുവെച്ചു.

രാജ്യത്തെ തൊഴിൽ മേഖല കൂടുതൽ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ യോഗ്യതയുള്ള സ്വദേശികളുടെ ജോലിയിലുള്ള പ്രാവിണ്യം ഉറപ്പു വരുത്തുന്നതിനുമായി ഒമാൻ  മനുഷ്യാവകാശ മന്ത്രാലയവും നീതിന്യായ വകുപ്പും ചേർന്ന് അതിവേഗ കോടതികൾ ആരംഭിക്കുന്നു. തൊഴിൽ തർക്കങ്ങൾ തീർപ്പാക്കാൻ ഇപ്പോൾ നേരിടുന്ന കാലതാമസം  ഒഴിവാക്കുന്നതിനാണ് ഒമാൻ സർക്കാരിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ചുള്ള കരാറില്‍  നിയമമന്ത്രി ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയും, തൊഴിൽ വകുപ്പ് മന്ത്രി  ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രിയും ഒപ്പുവെച്ചു.

അതിവേഗ കോടതിയെ സഹായിക്കുന്നതിന് നിയമവിദഗ്ദ്ധരടങ്ങിയ  സാങ്കേതിക കമ്മറ്റിക്ക് രൂപംനൽകി കഴിഞ്ഞതായും  മാനവ വിഭവശേഷി മന്ത്രാലയം വ്യകതമാക്കി. തൊഴിൽ തർക്കങ്ങൾ ഈ കമ്മറ്റിയുടെ പരിധിക്കുള്ളിൽ തന്നെ തീർപ്പാക്കാനാണ് ലക്‌ഷ്യം വയ്ക്കുന്നത്. തുടക്കത്തിൽ മസ്കറ്റ് ഗവർണറേറ്റിൽ ഫാസ്റ്റ്ട്രാക്ക് കോടതി എന്ന സംവിധാനമായിരിക്കും നിലവിൽ വരിക. ഫലപ്രദമായ വിജയം കണ്ടെത്തിയാൽ മറ്റു ഗവര്‍ണറേറ്റുകളിലും ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കും. ഒമാന്റെ സാമ്പത്തിക മേഖല  ശക്തിപെടുത്താനുള്ള  ദേശീയ പദ്ധതിയായ തന്‍ഫീദിന്റെറ ഭാഗമായാണ് അതിവേഗ കോടതികൾ രാജ്യത്ത് തുറക്കുന്നത്. ഒമാനിലാണ് ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി   ഫാസ്റ്റ്ട്രാക്ക് കോടതി നിലവിൽ വരുന്നത്.

click me!