ഒമാന്‍ ഇന്ത്യൻ സ്കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ് ജനുവരി 11ന്

By Web TeamFirst Published Dec 13, 2019, 11:51 AM IST
Highlights

8354 വിദ്യാർത്ഥികൾ പഠിക്കുന്ന മസ്‍കത്ത് ഇന്ത്യൻ സ്കൂളിലെ 5722 രക്ഷാകർത്താക്കൾക്കാണ്  ഈ വര്‍ഷം വോട്ടവകാശമുള്ളത്. മത്സരത്തിനായി 16 പേര്‍ നാമനിര്‍ദേശ പത്രിക ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞു.

മസ്‍കത്ത്: ഒമാന്‍ ഇന്ത്യൻ സ്കൂൾ ഭരണ സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കും. അഞ്ച് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 16 സ്ഥാനാര്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ആയിരിക്കും വോട്ടെടുപ്പ്  നടക്കുക.

8354 വിദ്യാർത്ഥികൾ പഠിക്കുന്ന മസ്‍കത്ത് ഇന്ത്യൻ സ്കൂളിലെ 5722 രക്ഷാകർത്താക്കൾക്കാണ്  ഈ വര്‍ഷം വോട്ടവകാശമുള്ളത്. മത്സരത്തിനായി 16 പേര്‍ നാമനിര്‍ദേശ പത്രിക ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞു. ഡിസംബര്‍ 25 വരെ നാമനിര്‍ദേശ പത്രിക പിൻവലിക്കുവാൻ അവസരമുണ്ടാകും. ഡിസംബർ 26ന് സ്ഥാനാര്‍ഥികളുടെ  വിശദ  വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രസിദ്ധികരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ തവണ 6500 രക്ഷാകർത്താക്കൾക്ക്  വോട്ടവകാശം ഉണ്ടായിരുന്നു. ഇവരിൽ 3800 പേർ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു. രണ്ടു വര്‍ഷം കാലാവധിയുള്ള 15 അംഗ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെ മാത്രമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ രക്ഷകര്‍ത്താക്കൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അനുവാദമുള്ളൂ. നിലവിൽവരുന്ന ഭരണ സമിതിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും ഒമാനിലെ മറ്റ് 20 ഇന്ത്യൻ സ്കൂളുകള്‍.

click me!