
മസ്കറ്റ്: ഒമാനിലെ പ്രവാസി കൃഷിക്കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ എട്ടാമത് വിളവെടുപ്പുത്സവം ബർക്കയിലുള്ള ഹൽബാൻ ഫാമിൽ വെച്ച് നടന്നു. കേരള സര്‍ക്കാറിന്റെ നെൽകൃഷിക്കുള്ള മികച്ച കർഷക അവാർഡ് ജേതാവായ നടൻ കൃഷ്ണപ്രസാദ് മുഖ്യാതിഥി ആയിരുന്നു.
ഒരു മുഴുവൻ ദിവസം നീണ്ടു നിന്ന ഗൃഹദുരത്വമുണർത്തുന്ന, വിപുലമായ പരിപാടികളോടെ നടത്തിയ വിളവെടുപ്പുത്സവം ഏറെ ശ്രദ്ധയാകർഷിച്ചു. പ്രധാന കവാടത്തിൽ കുലച്ചു നിൽക്കുന്ന വാഴകളും,ചെന്തെങ്ങിൻ കുലകളും കുരുത്തോല പന്തലും മലയാള മണ്ണിനെ ഓർമപ്പെടുത്തുന്നതായിരുന്നു. ഒമാൻ കൃഷിക്കൂട്ടം അംഗങ്ങളുടെ തോട്ടങ്ങളിൽ നിന്ന് വിളവെടുത്ത പച്ചക്കറികളുടെ പ്രദർശനവും, വിളവെടുക്കാൻ പാകമായ പച്ചക്കറികൾ നിറഞ്ഞ ചെടികളും കണ്ണിനു കുളിർമയേകുന്ന കാഴ്ചയായി.
നാടൻ പെട്ടിക്കടകളും വിവിധയിനം സ്റ്റാളുകളും ഉത്സവപ്രതീതിയുണർത്തി. ഉറിയടി, വടം വലി തുടങ്ങി വിളവെടുപ്പുത്സവത്തിന്റെ അവിഭാജ്യ ഘടകങ്ങളായ മത്സരങ്ങളും, ഡാൻസ്, പാട്ട് തുടങ്ങി വിവിധയിനം കലാ പരിപാടികളും അരങ്ങേറി. ഞാറ്റുവേലക്കൂട്ടം അവതപ്പിച്ച നാടൻ പാട്ട് പരിപാടിക്ക് മികവേകി. ഉത്സവപ്രതീതിയുണർത്തിയ വിളവെടുപ്പുത്സവം കൃഷിക്കാർ ആഘോഷമാക്കി.
എല്ലാ വർഷത്തേയും പോലെ മസ്‌ക്കറ്റ്, ബറൈമി, സോഹാർ എന്നീ മൂന്ന് റീജിയനുകളിൽ നിന്ന് ഈ വർഷത്തെ മികച്ച കർഷകരെ തിരഞ്ഞെടുത്തിരുന്നു. അവർക്ക് ഒമാൻ കൃഷിക്കൂട്ടം മാതൃക കർഷക/കർഷകൻ അവാർഡ് ദാനവും ഈ ചടങ്ങിൽ വെച്ച് നടന്നു. മസ്‌ക്കറ്റ് ഏരിയയിൽ വിജില സെൽവനോസ് പോട്ട് കാറ്റഗറിയിലും, സാനിയ ലൂക്മാൻ സോയിൽ കാറ്റഗറിയിലും ജേതാക്കളായി. സോഹാർ ഏരിയയിൽ ബിജു.കെ. പോൾ, രമ്യ ദ്യുപിൻ, ബുറൈമിയിൽ ടീന സുവർണൻ എന്നുവരും അവാർഡുകൾ കരസ്തമാക്കി.
ഒമാനിൽ മുന്തിരിക്കൃഷിയുടെ സാധ്യതകൾ തെളിയിച്ച സുനി ശ്യാമിനെ പൊന്നാട അണിയണിയിച്ച് ആദരിച്ചു. സുനിയുടെ കൃഷിരീതികളെ പറ്റി ഇ.എം. അഷ്റഫ് എഴുതിയ "അറേബ്യൻമണ്ണിലെ മലയാളി കർഷകർ" എന്ന പുസ്തകം ഉദ്ഘാടകന് കൈമാറി. ചടങ്ങിൽ ഒമാൻ കൃഷിക്കൂട്ടം സ്ഥാപക അഡ്മിൻമാരായ സുനി ശ്യാം, ഷഹനാസ് അഷ്റഫ്, സന്തോഷ് വർഗീസ്, ഷൈജു വേതോട്ടിൽ എന്നിവരെ ആദരിച്ചു.
Read also: കൈയിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ