ഇന്ത്യയില്‍ നിന്നുള്ള നിരവധി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിഷേധിച്ച് ഒമാന്‍ അധികൃതര്‍

By Web TeamFirst Published Jan 28, 2020, 2:58 PM IST
Highlights

ഒമാനിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കും അംഗീകാരം നല്‍കാനുള്ള പ്രത്യേക സമിതിയുടേതാണ് തീരുമാനം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി നേടിയ പി.എച്ച്.ഡി ബിരുദത്തിന് ഉള്‍പ്പെടെ പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അംഗീകാരം നിഷേധിച്ചു.

മസ്‍കത്ത്: ഇന്ത്യയിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിഷേധിച്ച് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഒമാനിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കും അംഗീകാരം നല്‍കാനുള്ള പ്രത്യേക സമിതിയുടേതാണ് തീരുമാനം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി നേടിയ പി.എച്ച്.ഡി ബിരുദത്തിന് ഉള്‍പ്പെടെ പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അംഗീകാരം നിഷേധിച്ചു.

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായി ഒമാന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. റാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാല 2005ല്‍ നല്‍കിയ ഒരു ബി.എസ്.സി ബിരുദത്തിന് അംഗീകാരം നിഷേധിച്ചത്. ഇതേ സര്‍വകലാശാല 2005ല്‍ ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കിയ എം.എസ്.സി ബയോ ടെക്നോളജി ബിരുദത്തിനും അംഗീകാരം നിഷേധിച്ചു. ഒമാന്‍ അംഗീകരിച്ച ഡിഗ്രി ബിരുദം ഈ വിദ്യാര്‍ത്ഥിക്ക് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല 2015ല്‍ ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കിയ ഫിലോസഫിയിലെ പി.എച്ച്.ഡി ബിരുദത്തിനും അംഗീകാരം നിഷേധിച്ചത്, ഇയാളുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാന്‍ പര്യാപ്തമല്ലെന്നത് ചൂണ്ടിക്കാട്ടിയാണ്. സിക്കിം മണിപ്പാല്‍ യൂണിവേഴ്‍സിറ്റി നല്‍കിയ ഒരു വിദൂര വിദ്യാഭ്യാസ ബിരുദ സര്‍ട്ടിഫിക്കറ്റും അംഗീകാരം നിഷേധിക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിന് അംഗീകാരം നല്‍കില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ യു.ജി.സി അംഗീകരിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടര്‍ ആന്റ് ടെക്നോളജി എന്ന സ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റും തള്ളിയിട്ടുണ്ട്.

ഒമാന്‍ അംഗീകൃത ബിരുദമില്ലാത്തതിനാല്‍ സിക്കിം മണിപ്പാല്‍ യൂണിവേഴ്‍സിറ്റിയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി 2010ല്‍ നേടിയ എംബിഎ ബിരുദത്തിനും അംഗീകാരം നല്‍കിയില്ല. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങിന് ഇന്ത്യയില്‍ 'നാക്'ന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ലാത്തതിനാല്‍ അവിടെ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റിനും അംഗീകാരം നിഷേധിച്ചു. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ അംഗീകാരത്തിന്റെ 'നാകിന്റെ' മൂല്യനിര്‍ണയം ഒമാന്‍ പ്രധാന മാനദണ്ഡമായാണ് പരിഗണിക്കുന്നത്.  അംഗീകൃത ബിരുദ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്റ് അഡ്‍മിനിസ്ട്രേഷന്‍ നല്‍കിയ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ യോഗ്യതയും അംഗീകാരം നിഷേധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 

click me!