നിയമം ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

By Web TeamFirst Published Jan 28, 2020, 4:17 PM IST
Highlights

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവര്‍ മൂന്ന് മാസത്തിനിടെ കുറ്റം ആവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരുന്നു. 

മസ്‍കത്ത്: ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. സാധുതയുള്ള ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിക്കുക, എക്സ്‍പോര്‍ട്ട്, ഇംപോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമായി നിശ്ചിത സമയപരിധിക്കപ്പുറവും വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവര്‍ മൂന്ന് മാസത്തിനിടെ കുറ്റം ആവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരുന്നു. നിയമപ്രകാരമുള്ള പിഴയ്ക്ക് പുറമെയാണ് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാല്‍ 15 ഒമാനി റിയാലാണ് പിഴ. ഒപ്പം രണ്ട് ബ്ലാക് പോയിന്റുകളും ഡ്രൈവര്‍ക്ക് ലഭിക്കും. ഇതേകുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ 10 ദിവസം വരെ ജയിലില്‍ കഴിയേണ്ടിവരും. ഒപ്പം 300 ഒമാനി റിയാല്‍ വരെ പിഴയും ലഭിക്കും.

എക്സ്‍പോര്‍ട്ട്, ഇംപോര്‍ട്ട് നമ്പര്‍ പ്ലേറ്റുമായി കാലാവധിക്ക് ശേഷം വാഹനം ഓടിച്ചാല്‍ 35 റിയാലായിരിക്കും പിഴ. ഒപ്പം ഒരു ബ്ലാക്ക് പോയിന്റും ലഭിക്കും. ഗ്ലാസുകളിലെ ഫിലിമുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ 90 ദിവസങ്ങള്‍ക്കകം അതേ നിയമലംഘനത്തിന് വീണ്ടും പിടിയിലാവുകയാണെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ പൊലീസിന് അധികാരമുണ്ട്. മതിയായ അനുമതിയില്ലാതെ വാഹനങ്ങളില്‍ പരസ്യങ്ങള്‍, ബാനറുകള്‍, മറ്റ് തരത്തിലുള്ള എഴുത്തുകള്‍, വരകള്‍ തുടങ്ങിയവയുണ്ടെങ്കിലും വാഹനം പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

click me!