യുഎഇയില്‍ മുന്നറിയിപ്പ് അവഗണിച്ച് കുതിച്ചുപാഞ്ഞ കാറിന് നേരെ പൊലീസ് വെടിവെച്ചു; അപകടത്തില്‍ യുവാവ് മരിച്ചു

By Web TeamFirst Published Jan 3, 2019, 11:44 AM IST
Highlights

തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ അശ്രദ്ധമായി ഓടിച്ചിരുന്ന കാര്‍ ശ്രദ്ധയില്‍പെട്ട അബുദാബി പൊലീസ് പട്രോള്‍ സംഘം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അവഗണിച്ച യുവാവ് കാര്‍ ഓടിച്ചുപോയതോടെ പൊലീസ് പട്രോള്‍ സംഘം വാഹനങ്ങളില്‍ പിന്തുടര്‍ന്നു. 

അല്‍ഐന്‍: പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് അതിവേഗത്തില്‍ കുതിച്ചുപാഞ്ഞ കാര്‍ അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. കാറിന് നേരെ പൊലീസ് വെടിവെച്ചപ്പോള്‍ യുവാവ് തിരിച്ച് പൊലീസിന് നേരെയും വെടിവെയ്ക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ അശ്രദ്ധമായി ഓടിച്ചിരുന്ന കാര്‍ ശ്രദ്ധയില്‍പെട്ട അബുദാബി പൊലീസ് പട്രോള്‍ സംഘം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അവഗണിച്ച യുവാവ് കാര്‍ ഓടിച്ചുപോയതോടെ പൊലീസ് പട്രോള്‍ സംഘം വാഹനങ്ങളില്‍ പിന്തുടര്‍ന്നു. മുന്നറിയിപ്പായി പൊലീസ് രണ്ട് തവണ കാറിന് നേരെ വെടിവെച്ചു. എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറാവാതെ കാറില്‍ നിന്ന് ഇയാള്‍ പൊലീസിന് നേരെയും വെടിവെയ്ക്കുകയായിരുന്നു.

പൊലീസിനെ വെട്ടിച്ച് മുന്നോട്ട് കുതിക്കുന്നതിനിടെ ഒരു പൊലീസ് വാഹനത്തിലേക്ക് ഇയാളുടെ കാര്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരവെ ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ അബുദാബി ജനറല്‍ കമാന്‍ഡ് അനുശോചനം അറിയിച്ചു. ഒപ്പം വാഹനങ്ങള്‍ ഉപയോഗിച്ച് ഇത്തരം അപകടകരമായ അഭ്യാസങ്ങള്‍ കാണിക്കരുതെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

click me!