ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Oct 22, 2018, 12:45 AM IST
Highlights

സൗദി സംഭവം കൈകാര്യം ചെയ്ത നടപടിയിൽ തൃപ്തനല്ലെന്നും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു

ദമാം: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഖഷോഗിയുടെ കൊലപാതകത്തില്‍ തുര്‍ക്കി ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ സൗദി അറേബ്യയ്ക്ക് എതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി.

സൗദി എയർ ഫോഴ്സിലെ ലെഫ്റ്റനന്‍റ് മെഷാൽ സാദ് അൽബോസ്താനിയാണ് റിയാദിൽ കാറപകടത്തിൽ മരിച്ചത്. അല്‍ബോസ്താനിയടക്കം 15 അംഗ സംഘം ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണ് തുർക്കിയുടെ ആരോപണം. തുര്‍ക്കി പ്രസിഡന്‍റ് തയിബ് എര്‍ദോഗന്‍റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് സൗദി കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.

ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മർദ്ദനത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടെന്നാണ് സൗദിയുടെ വിശദീകരണം. സൗദിയുടെ വാദം വിശ്വസനീയമെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച യുഎസ് പ്രസിഡന്‍റ് ഇന്ന് നിലപാട് തിരുത്തി. സൗദി സംഭവം കൈകാര്യം ചെയ്ത നടപടിയിൽ തൃപ്തനല്ലെന്നും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ സൗദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടണും ഫ്രാന്‍സും ജർമ്മനിയും രംഗത്തെത്തി. സൗദിയുടെ അന്വേഷണം പ്രഹസ്നമെന്നാണ് വിമര്‍ശനം. സംഭവം അന്വേഷിക്കാൻ പ്രത്യേക മന്ത്രിതല സംഘത്തെ നിയോഗിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്‍റലിജൻസ് സംഘത്തെ മാറ്റാനും ഉത്തരവിട്ടിരുന്നു.

സല്‍മാന്‍ രാജാവിന്‍റെ കടുത്ത വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ വാഷിങ്ടണിലടക്കം വിവിധ ഇടങ്ങളില്‍ ഇന്നും പ്രതിഷേധം ഉയര്‍ന്നു. രാജ്യാന്തര തലത്തില്‍ സൗദിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സൗദിയില്‍ നടക്കുന്ന സാന്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. 

click me!