വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ മസ്കറ്റില്‍ നിന്ന് 16 വിമാനങ്ങള്‍; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

Published : Jun 27, 2020, 06:24 PM ISTUpdated : Jun 27, 2020, 06:31 PM IST
വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ മസ്കറ്റില്‍ നിന്ന് 16 വിമാനങ്ങള്‍; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

Synopsis

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പട്ടികയിൽ  സലാലയിൽ നിന്നും സർവീസുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. സലാലയിലുള്ള പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഇതിനകം അഞ്ചു വിമാന സർവീസുകൾ മാത്രമാണ് സലാലയിൽ നിന്നും വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ കേരളത്തിലേക്ക് എത്തിയത്.

മസ്കറ്റ്: ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിൽ 16 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി വാർത്താ കുറിപ്പില്‍ അറിയിച്ചു. കേരളത്തിലേക്കുള്ള 11 സർവീസുകൾക്ക് പുറമെ  ചെന്നൈ, മംഗളൂരു, ഹൈദരബാദ്‌, മുബൈ, ദില്ലി എന്നിവിടങ്ങളിലേക്കും മസ്കറ്റിൽ നിന്ന് സർവീസുകൾ ഉണ്ടാകുമെന്ന് എംബസിയുടെ അറിയിപ്പിൽ പറയുന്നു. 

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പട്ടികയിൽ  സലാലയിൽ നിന്നും സർവീസുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇതിൽ സലാലയിലുള്ള പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഇതിനകം അഞ്ചു വിമാന സർവീസുകൾ മാത്രമാണ് സലാലയിൽ നിന്നും വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ കേരളത്തിലേക്ക് എത്തിയത്. മസ്കറ്റ് ഇന്ത്യൻ ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കായിരിക്കും നാലാം ഘട്ടത്തിലും ഇന്ത്യയിലേക്ക് മടങ്ങുവാൻ അവസരം ലഭിക്കുക.

അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും  മുൻഗണനയെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിന് കീഴിൽ ഇന്ന് വരെ ( 27 -06 -20 ) മുപ്പത് വിമാന സർവീസുകളാണ് ഒമാനിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളുമായി  മടങ്ങിയിട്ടുള്ളത്. ഇതിലൂടെ  5400ഓളം യാത്രക്കാർക്ക് മാത്രമേ ഇതുവരെ കേരളത്തിലേക്ക് മടങ്ങുവാൻ സാധിച്ചിട്ടുള്ളൂ.

മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന സർവീസുകൾ ജൂൺ 28ന‌് തിരുവനന്തപുരത്തേക്കും ജൂൺ 29ന് കൊച്ചിയിലേക്കും കണ്ണൂരിലേക്ക് ജൂൺ 30 തിനും മസ്കറ്റിൽ നിന്നും പുറപ്പെടും. മെയ് ഒമ്പതിനാണ് വന്ദേ ഭാരത് ദൗത്യത്തിൻ കീഴിലുള്ള ആദ്യ വിമാനം മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. നോർക്ക റൂട്ട്സ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഒമാനിൽ നിന്നും കേരളത്തിലേക്ക് മടങ്ങുവാനായി 33752 പ്രവാസികളാണ് പേര് രജിസ്റ്റർ ചെയ്തിരുന്നത്. മസ്കറ്റ്  ഇന്ത്യൻ എംബസിയിൽ ഇതിനകം എത്രപേർ രജിസ്റ്റർ ചെയ്തെന്ന കണക്കുകളും അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളുടെ എല്ലാ സീറ്റുകളിലും യാത്രക്കാരുമായിട്ടാണ് മടങ്ങുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കണമെന്ന് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സാമൂഹ്യ ക്ഷേമ കൺവീനർ പി എം ജാബിർ ആവശ്യപ്പെട്ടു.

ഇപ്പോൾ ഒമാനിൽ നിലവിൽ ആർക്കും ചാർട്ടേഡ് വിമാനങ്ങൾ ഇഷ്ടമുള്ള ടിക്കറ്റ് നിരക്കിൽ പ്രവർത്തിപ്പിക്കുവാൻ കഴിയുന്നുമെന്നും അതിൽ തങ്ങൾക്കു താൽപര്യമുള്ളവരെ കൊണ്ടുപോകുകയും എന്നാൽ അർഹതപ്പെട്ടവരും പണമില്ലാത്തവരും ഇപ്പോഴും ഒമാനിൽ തന്നെ കുടുങ്ങി കിടക്കുകയാണെന്നും പി എം ജാബിർ ആരോപിച്ചു.

ചാർട്ടേഡ് വിമാനങ്ങൾ ഒമാനിലെ പ്രവാസികൾക്ക് പ്രയോജനപ്പെടുന്നുവെങ്കിലും അതിന്റെ അതിപ്രസരം മറ്റ് താല്പര്യങ്ങളിലേക്കു നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തിൻ കീഴിലുള്ള എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ മസ്കറ്റ് എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിപ്പിക്കണമെന്നും സലാലയിൽ നിന്നുമുള്ള പ്രവാസികളെ കൂടി കണക്കിലെടുത്ത്  വിമാന സർവീസുകൾ ക്രമീകരിക്കണമെന്നും ജാബിർ ആവശ്യപ്പെട്ടു.

വന്ദേഭാരത് ദൗത്യത്തിൽ കേരളത്തിലേക്കുള്ള വിമാന നിരക്ക് 75  ഒമാനി റിയാലാണ്. ഇതുപോലും വളരെ കൂടുതലായ സാഹചര്യത്തിൽ സാധാരണക്കാരുടെ മടക്കയാത്രക്കായി ഒരുക്കുന്ന ചാർട്ടേഡ് വിമാനങ്ങളില്‍ 100ഒമാനി റിയാൽ  മുതൽ 120 റിയാൽ വരെയാണ് സാമൂഹ്യ സംഘടനകൾ ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. അതായത് വന്ദേ ഭാരത് ടിക്കറ്റ്‌ നിരക്കിനേക്കാൾ 60 % കൂടുതൽ  ഈടാക്കുന്നത് ന്യായീകരിക്കുവാൻ കഴിയുന്നതല്ലെന്നും തങ്ങളുടെ നിസ്സാഹായവസ്ഥയെ ചൂഷണം ചെയ്യുകയാണെന്നും യാത്രക്കാരായ പ്രവാസികൾ ആരോപിച്ചു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ