മദീനയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

By Web TeamFirst Published Jun 26, 2022, 11:18 PM IST
Highlights

2.14 ലക്ഷത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,30,308 പേര്‍ മദീന പര്യടനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മദീനയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍. 2.14 ലക്ഷത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,30,308 പേര്‍ മദീന പര്യടനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇത്തവണ 10 ലക്ഷം പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുക. 75000ത്തോളം തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അനുമതി. ഒന്നര ലക്ഷം തീര്‍ഥാടകരെയാണ് ഇത്തവണ ഹജ്ജിന് സൗദിയില്‍നിന്ന് തെരഞ്ഞെടുക്കുന്നത്. 

അതേസമയം മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമാണ്. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് 'ഇഅ്തമന്‍നാ' ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഉംറ നടപടികള്‍ എളുപ്പമാക്കാനും ഹറമിലെ തിരക്കൊഴിവാക്കാനുമാണ് തീരുമാനമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

 മലയാളി ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി മക്കയില്‍  എത്തിയ മലയാളി തീര്‍ത്ഥാടക കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മര്‍വ്വയില്‍ വെച്ച് കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഈ മാസം പത്തിന് അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരന്‍ മൊയ്ദീന്റെ കൂടെയാണ് ഇവര്‍ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയാണ് ഭര്‍ത്താവ്. മക്ക കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

click me!