കോഴിക്കോട്: കൊവിഡ് 19 പശ്ചാത്തലത്തിൽ  പ്രവാസികൾ കൂട്ടത്തോടെ  തിരിച്ചെത്തുമ്പോൾ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍.  റിവേഴ്സ് ക്വാറന്‍റൈൻ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്നാണ്  ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വീടുകൾക്കകത്ത് സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പിലാക്കാനുള്ള പരിശീലനം കുടുംബങ്ങൾക്ക് നൽകണമെന്നും  ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു . 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 4 ലക്ഷത്തിലേറെ പേരാണ് അടിയന്തിരമായി കേരളത്തിലേക്ക് മടങ്ങി വരാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇത്രയും പേർ ഒന്നിച്ചെത്തുമ്പോൾ സംസ്ഥാനത്ത്  ആരോഗ്യമേഖലയിൽ എന്ത് പ്രതിഫലനം ഉണ്ടാക്കുമെന്നത് ഇപ്പോൾ ആരോഗ്യമേഖലയിലെ പ്രധാന ചര്‍ച്ചയാണ്. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റയിനിലാക്കുക എന്ന സർക്കാർ നയം  പ്രായോഗികം ആണെന്നാണ്  ആരോഗ്യവിദഗ്ധരും പറയുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നതെന്ത്?  വിശദമായ റിപ്പോര്‍ട്ട് കാണാം: 

 

സാമൂഹിക അകലം പാലിക്കാനുള്ള ജാഗ്രതയും പരിശീലനവും വീടുകൾക്കകത്ത് തന്നെ തുടങ്ങണം. നിലവിൽ രോഗങ്ങളുള്ളവരെ മാറ്റിപ്പാർപ്പിച്ചോ അവർക്ക് സുരക്ഷിതത്വം നൽകിയോ റിവേഴ്സ് ക്വാറന്റയിൻ നടപ്പാക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. ഏറ്റവും കൂടുതൽ പേർ തിരിച്ചെത്തുന്നത്  കണ്ണൂർ, കോഴിക്കോട് , മലപ്പുറം,തൃശൂർ ജില്ലകളിലാവും. ഈ ജില്ലകളിൽ നിലവിലുള്ള മെഡിക്കൽ സംഘത്തിന് പുറമേ കൂടുതൽ പേരെ വിന്യസിക്കേണ്ടി വരും. കൂടുതൽ ഐസിയു കളും വെന്റിലേറ്ററുകളും  സജ്ജമാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അടിയന്തിര സാഹചര്യമുണ്ടായാൽ സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗപ്പെടുത്തേണ്ടി വരും. സർക്കാർ നിയോഗിച്ച സെക്രട്ടറി തല സമിതി ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. കടൽ മാർഗ്ഗമാണ്  പ്രവാസികളെത്തുന്നതെങ്കിൽ ക്വാറന്റയിൻ അടക്കമുള്ള ക്രമീകരണങ്ങൾ  തുറമുഖം കേന്ദ്രീകരിച്ചും നടപ്പാക്കേണ്ടി വരും