ചൊവ്വാഴ്ച മുതല്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യത

By Web TeamFirst Published Nov 27, 2022, 12:48 PM IST
Highlights

മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിലും ഈ മേഖലകളിലെ തീരപ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. ഇതിന് പുറമെ ഹായില്‍, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും.

റിയാദ്: വരുന്ന ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രധാനമായും ആറ് മേഖലകളിലായിരിക്കും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിലും ഈ മേഖലകളിലെ തീരപ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. ഇതിന് പുറമെ ഹായില്‍, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും.

രാജ്യത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് പ്രത്യേക പ്രസ്‍താവന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹുസൈന്‍ അല്‍ ഖഹ്‍താനി പറ‌ഞ്ഞു. കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പിന്തുടണമെന്നും മുഴുവന്‍ സമയവും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read also: കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,713 പ്രവാസികള്‍

അതേസമയം കഴിഞ്ഞ ദിവസം വലിയ പ്രളയത്തിനിടയാക്കി ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. 2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മഴ നീണ്ടുനിന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. 

2009-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്. അന്ന് 111 മഴ മില്ലീമീറ്ററായിരുന്നു. 2011-ൽ പെയ്ത മഴ 90 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയതെന്നും വക്താവ് പറഞ്ഞു.  വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ  നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു. 

click me!