
മാഞ്ചസ്റ്റര്‍: ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അതിക്രമം നടത്തിയ യാത്രക്കാരന് ഒന്നര വര്‍ഷം ജയില്‍ ശിക്ഷ. ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‍തതിന് പുറമെ ഒരു ജീവനക്കാരിയുടെ ശരീരത്തില്‍ അപമര്യാദയായി സ്‍പര്‍ശിക്കാന്‍ ശ്രമിച്ചതിന് കൂടിയാണ് ശിക്ഷ. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷമായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. ദുബൈയില്‍ നിന്നുള്ള ഒരു കണക്ടിങ് ഫ്ലൈറ്റില്‍ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റസാഖ് എന്ന യാത്രക്കാരനാണ് പ്രതി. വിമാനം പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ അമിതമായി മദ്യപിച്ച് ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയാന്‍ തുടങ്ങി. മാസ്‍ക് ധരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതും വിസമ്മതിച്ചു.
വിമാനത്തിലെ ഒരു ഹെഡ് റെസ്റ്റ് ഇടിച്ച് തകര്‍ത്തു. പിന്നീട് സ്വന്തം ശരീരത്തിലും മുന്നിലുള്ള സീറ്റിലും ഇടിക്കാന്‍ തുടങ്ങി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടായെന്നും കോടതി രേഖകള്‍ പറയുന്നു. എട്ട് മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഇയാള്‍ ഒരു ജീവനക്കാരിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് അപമര്യാദയായി സ്‍പര്‍ശിച്ചു. മറ്റ് ജീവനക്കാരെയും ഉപദ്രവിക്കുമെന്നും മാരകമായി മുറിവേല്‍പ്പിക്കുമെന്നും ഭീഷണി മുഴക്കി.
ഒരു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ആപ്പിള്‍ തട്ടിയെടുത്ത് അത് കൊണ്ട് എറിയുമെന്ന് സഹയാത്രികര്‍ക്ക് നേരെ ഭീഷണി മുഴക്കി. ഏറെ നേരത്തെ അതിക്രമങ്ങള്‍ക്ക് ശേഷം ഇയാള്‍ സ്വന്തം സീറ്റില്‍ തന്നെ വീണ് ഉറങ്ങിപ്പോവുകയും ചെയ്‍തു. വിമാനത്തില്‍ വെച്ചുള്ള അതിക്രമങ്ങള്‍ മുതല്‍ ലൈംഗിക ഉപദ്രവം വരെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ വിചാരണ ചെയ്‍തത്. കോടതിയില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‍തു.
യാത്രക്കാരെ മുഴുവന്‍ ബന്ദിയാക്കി വെയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് പ്രതിയില്‍ നിന്നുണ്ടായതെന്ന് വിധി ന്യായത്തില്‍ ജഡ്ജി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. സ്വന്തം സുരക്ഷയില്‍ ആശങ്ക തോന്നിയ നിമിഷത്തിലൂടെയാണ് വിമാനത്തിലെ മറ്റ് യാത്രക്കാരും ജീവനക്കാരും കടന്നുപോയത്. ഇത്തരം കാര്യങ്ങളെല്ലാം നടന്നത് വിമാനത്തിലായതിനാല്‍ അത് ശ്രദ്ധിക്കാതിരിക്കാനോ സ്വന്തം കാര്യം നോക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവര്‍ എന്നും കോടതി പറഞ്ഞു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 18 മാസം ജയില്‍ ശിക്ഷയാണ് കോടതി പ്രതിക്ക് വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam