
ഹൈദരാബാദ്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലെത്തിയ മിക്ക യാത്രക്കാരും വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ഒന്ന് ഞെട്ടി. തങ്ങളുടെ പലരുടെയും ലഗേജുകള്‍ വിമാനത്തില്‍ എത്തിയിട്ടില്ല. വിമാനത്തില്‍ സ്ഥലമില്ലെന്ന പേരില്‍ എയര്‍ലൈന്‍ യാത്രക്കാരുടേ ലഗേജുകള്‍ ദോഹയില്‍ തന്നെ വെച്ചു.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് ലിങ്ക്ഡ് ഇന്നില്‍ കുറിപ്പ് പങ്കുവെച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ ജനുവരി 11ന് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ച മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന യാത്രക്കാരനാണ് കുറിപ്പ് പങ്കുവെച്ചത്. യാത്രക്കാരുടെ ലഗേജുകള്‍ എയര്‍ലൈന്‍ ദോഹയില്‍ ഉപേക്ഷിച്ച് പറന്നതായും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ ചോദിച്ചപ്പോള്‍ എയര്‍ലൈന്‍ നല്‍കിയ മറുപടി അവിശ്വനീയമാണെന്ന് മദന്‍ കുമാര്‍ പറഞ്ഞു. വിമാനത്തില്‍ സ്ഥലമില്ലെന്നും ലഗേജ് കൊണ്ടുവരാനായില്ലെന്നുമാണ് എയര്‍ലൈന്‍ നല്‍കിയ മറുപടി. പല യാത്രക്കാരുടെയും ലഗേജുകള്‍ കാണാതായതോടെ ഇന്‍ഡിഗോ സ്റ്റാഫിനോട് ചോദിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ലഗേജുകള്‍ എത്തുമെന്നും ഇതിനായി യാത്രക്കാര്‍ 14-ാം നമ്പര്‍ ബെല്‍റ്റില്‍ എത്തി ബാഗേജ് വിവരങ്ങള്‍ നല്‍കണമെന്ന് ഇവര്‍ അറിയിച്ചു. ഇതനുസരിച്ച് യാത്രക്കാര്‍ ഇവിടെയെത്തി വിവരങ്ങള്‍ നല്‍കി.
എന്നാല്‍ ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലായിരുന്നെന്നും 20ലേറെ യാത്രക്കാരുടെ വിലാസവും മറ്റ് വിവരങ്ങളും ശേഖരിക്കാന്‍ കാലതാമസമുണ്ടായെന്നും മദന്‍ കുമാര്‍ ആരോപിക്കുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ ഓരോ യാത്രക്കാര്‍ക്കും 20 മിനിറ്റ് സമയമെടുത്തെന്നും ഇദ്ദേഹം കുറിപ്പില്‍ പറയുന്നു. മോശം പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഇദ്ദേഹം ആരോപിക്കുന്നു.
24 മണിക്കൂറിനുള്ളില്‍ ബാഗേജുകള്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും തനിക്ക് ബാഗേജ് ലഭിച്ചത് മൂന്ന് ദിവസം കഴിഞ്ഞാണെന്നും മദന്‍ കുമാര്‍ പറയുന്നു. 14-ാം തീയതിയാണ് തനിക്ക് ലഗേജ് ലഭിച്ചത്. പറഞ്ഞാല്‍ വിശ്വസിക്കാത്ത രീതിയില്‍ അശ്രദ്ധമായാണ് ബാഗേജ് വീട്ടിലെത്തിച്ചതെന്നും ഇദ്ദേഹം ആരോപിക്കുന്നു. തന്‍റെ ലഗേജ് എത്തിയത് ഓട്ടോയിലാണെന്നും വാച്ച് ഉൾപ്പെടെ പല സാധനങ്ങളും ബാഗേജില്‍ നിന്ന് കാണാതായെന്നും മദന്‍ കുമാര്‍ പറയുന്നു. ഇതിന്‍റെ ഫോട്ടോകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വളരെ മോശം അനുഭവമാണ് തനിക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ