പുതിയ സൗജന്യ വിസയില്‍ ആളുകള്‍ സൗദിയില്‍ എത്തിത്തുടങ്ങി; വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് സഞ്ചരിക്കാനും അനുമതി

By Web TeamFirst Published Feb 4, 2023, 2:26 PM IST
Highlights

ട്രാൻസിറ്റ് വിസയിലെത്തുന്നവരെ സ്വീകരിക്കാൻ ഉദ്യോഗസ്ഥരടക്കം എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളങ്ങളിൽ ഒരുക്കിയതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി.

റിയാദ്: അടുത്തിടെ സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ ട്രാൻസിറ്റ് വിസയിൽ ആളുകൾ എത്തിത്തുടങ്ങി. സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നീ ദേശീയ വിമാനകമ്പനികളിൽ ടിക്കറ്റെടുക്കുന്ന രാജ്യാന്തര യാത്രക്കാർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലുമിറങ്ങി രാജ്യത്ത് നാല് ദിവസം (96 മണിക്കൂർ) വരെ തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ് വിസ സൗജന്യമായി നൽകിത്തുടങ്ങിയത് ജനുവരി 30നാണ്. ജിദ്ദ, റിയാദ്, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ട്രാൻസിറ്റ് വിസയിൽ ആദ്യമായി ആളുകളെത്തിയത്.

ട്രാൻസിറ്റ് വിസയിലെത്തുന്നവരെ സ്വീകരിക്കാൻ ഉദ്യോഗസ്ഥരടക്കം എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളങ്ങളിൽ ഒരുക്കിയതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി. വിസയുടെ സാധുത 90 ദിവസമാണ്. നാല് ദിവസമാണ് താമസ കാലാവധി. നിശ്ചിത സമയത്തിനകം മടങ്ങണമെന്നും മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണമെന്നും ജവാസത്ത് സൂചിപ്പിച്ചു.
ട്രാൻസിറ്റ് വിസയിൽ വരുന്നവർക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും കഴിയും. ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയാണ് ഉംറക്ക് ബുക്കിങ് ചെയ്യേണ്ടത്. വാഹനങ്ങൾ വാടകക്കെടുത്ത് സൗദിയിലൂടനീളം ഡ്രൈവിങ്ങിനും സാധിക്കും. എന്നാൽ ഹജ്ജിന് മാത്രം അനുമതിയില്ല.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു

click me!