
ദുബൈ: ഒത്തുചേരലിന്‍റെ സന്തോഷം പങ്കുവെക്കുന്ന ആഘോഷമാണ് ചെറിയ പെരുന്നാള്‍. എല്ലാ തിരക്കുകളില്‍ നിന്നും ഇടവേള എടുത്തുകൊണ്ട് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന സമയം. ഇത്തരത്തില്‍ കുടുംബത്തോടൊപ്പമുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
യുഎഇയില്‍ ഇത്തവണ ഒമ്പത് ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചത്. കുടുംബത്തോടൊപ്പമുള്ള ദുബൈ ഭരണാധികാരിയുടെ വിലപ്പെട്ട നിമിഷങ്ങള്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
രാജകുടുംബത്തിലെ ഇളംതലമുറക്കാരായ 23 പേര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് ഇരിക്കുന്നതാണ് ചിത്രത്തില്‍. 'ഫാമിലി' എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ആഘോഷ അവസരത്തിന് അനുസരിച്ചാണ് ചിത്രത്തില്‍ എല്ലാവരുടെയും വേഷം.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഈ ആഴ്ച ആദ്യം കുടുംബത്തിലെ പുതുതലമുറയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. പേരക്കുട്ടികള്‍ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. അവധി ദിവസങ്ങളും ആഘോഷ അവസരങ്ങളിലും കുടുംബത്തിനൊപ്പം, പ്രത്യേകിച്ച് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ചെലവഴിക്കാനാകുന്നത് അതിയായ സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam