സിനിമാ താരം കോക്പിറ്റില്‍ കയറി വിമാനം നിയന്ത്രിച്ചു; പൈലറ്റുമാര്‍ക്കെതിരെ നടപടി - വീഡിയോ

By Web TeamFirst Published Oct 19, 2019, 3:42 PM IST
Highlights

സൗദി അറേബ്യയില്‍ നടക്കുന്ന റിയാദ് സീസണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഈജിപ്തില്‍ നിന്നെത്തിയ പ്രശസ്ത നടന്‍  കോക്പിറ്റില്‍ കയറി വിമാനം നിയന്ത്രിച്ച സംഭവത്തില്‍ നടപടി.

റിയാദ്: സിനിമാ താരം കോക്പിറ്റില്‍ കയറി വിമാനം നിയന്ത്രിച്ച സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി. ഈജിപ്തിലെ കെയ്റോയില്‍ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രശസ്ത ഈജിപ്ഷ്യന്‍ ഗായകനും നടനുമായ മുഹമ്മദ് റമദാന്‍ 'വിമാനം പറത്തിയത്'. സംഭവം വിവാദമായതോടെ പൈലറ്റിന് അധികൃതര്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. കോ പൈലറ്റിനെ ഒരു വര്‍ഷത്തേക്കും വിലക്കിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ നടക്കുന്ന റിയാദ് സീസണ്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ മുഹമ്മദ് റമദാന്‍ യാത്ര ചെയ്തത്. യാത്രയ്ക്കിടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് കോക്പിറ്റിലേക്ക് കയറുന്നതും പിന്നീട് കോ പൈലറ്റിന്റെ സീറ്റിലിരുന്ന് വിമാനം നിയന്ത്രിക്കുന്നതുമായ ദൃശ്യങ്ങള്‍ മുഹമ്മദ് റമദാന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ജീവിതത്തിലാദ്യമായി താന്‍ വിമാനം പറത്താന്‍ പോവുകയാണെന്ന് ഇയാള്‍ പറയുന്നതും വീഡിയോയിലുണ്ട്.

വന്‍വിവാദത്തിന് തിരികൊളുത്തിക്കൊണ്ടാണ് വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിക്കൊണ്ടുള്ള തമാശയ്ക്കെതിരെ രൂക്ഷമായ എതിര്‍പ്പുകളുയര്‍ന്നു. ഉത്തരവാദിത്തരഹിതമായാണ് പൈലറ്റുമാര്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യന്‍ നിയമമനുസരിച്ച് വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കോക്പിറ്റില്‍ പ്രവേശിക്കുന്നതിന് നിരോധനമുണ്ട്.

വിമാനത്തിലെ പൈലറ്റിനും കോ പൈലറ്റിനുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സിവില്‍ ഏവിയേഷന്‍ അതോരിറ്റിക്ക് നിര്‍ദേശം നല്‍കി. ഇതോടെയാണ് വ്യോമയാന രംഗവുമായി ബന്ധപ്പെട്ട സാങ്കേതിക, ഭരണ ജോലികള്‍ ഉള്‍പ്പെടെ എല്ലാ രംഗത്തും പൈലറ്റിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. കോ പൈലറ്റിന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീഡിയോ
 

click me!