സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

By Web TeamFirst Published Aug 16, 2022, 8:21 PM IST
Highlights

'ചൊവ്വാഴ്‍ച രാവിലെ തുമാമ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്നു വീണെന്നും പൈലറ്റ് മരണപ്പെട്ടതായും' സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു. 

റിയാദ്: റിയാദിന് സമീപം ചെറു സ്പോർട്സ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് റിയാദിന് വടക്കുള്ള അൽതുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ‘ടെക്നാം’ ഇനം ചെറു സ്പോർട്സ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫീസ് വ്യക്തമാക്കി. വിമാനത്തിൽ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടർന്ന് പൈലറ്റ് മരിച്ചതായും സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫീസ് പറഞ്ഞു.

അൽതുമാമ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 6:30 ന് ആണ് വിമാനം പറന്നുയർന്നത്. പരിശീലന പറക്കലായിരുന്നു. ഒരു സൗദി പൗരനായ പൈലറ്റാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റിന് ശേഷം പൈലറ്റിൽനിന്ന് സഹായംതേടി വിളി വരികയും പിന്നീട് ബന്ധം മുറിഞ്ഞുപോകുകയും ചെയ്തു. ശേഷം ഫ്ലൈറ്റ് അക്കാദമിയിൽ നിന്ന് അന്വേഷണ വിമാനം അയക്കുകയായിരുന്നു. അൽതുമാമ വിമാനത്താവളത്തിന് വടക്ക് അഞ്ച് കിലോമീറ്റർ അകലെ വിമാനം തകർന്നതായി കണ്ടെത്തി. ഉടനെ സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. 

Read also: മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഖത്തറില്‍ ദന്ത ചികിത്സക്ക് രോഗികളില്‍ 'നൈട്രസ് ഓക്സൈഡ്' വാതകം ഉപയോഗിക്കരുതെന്ന് നിര്‍ദേശം
ദോഹ: ഖത്തറില്‍ ദന്ത ചികിത്സയ്‍ക്കായി രോഗികളില്‍ നൈട്രസ് ഓക്സൈഡ് വാതകം (Nitrous Oxide) ഉപയോഗിക്കരുതെന്ന് നിര്‍ദേശം. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് (DHP) ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'ചിരിപ്പിക്കുന്ന വാതകം' എന്ന് അറിയപ്പെടുന്ന നൈട്രസ് ഓക്സൈഡിന്റെ ഉപയോഗം ചികിത്സാ നടപടികളില്‍ അവസാനിപ്പിക്കണമെന്നാണ് രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള  എല്ലാ ദന്ത ഡോക്ടര്‍മാര്‍ക്കും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയയിലും ദന്ത ചികിത്സയ്‍ക്കും രോഗികള്‍ക്ക് അനസ്‍തേഷ്യ നൽകാനാണ് നൈട്രസ് ഓക്സൈഡ് ഉപയോഗിക്കുന്നത്.

ഖത്തറിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യക്ഷമതയും യോഗ്യതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ വിശദീകരിക്കുന്നു. ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കാതെ തന്നെ രോഗിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണിതെന്നും സര്‍ക്കുലര്‍ പറയുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സിന്റെയും നിബന്ധനകള്‍ പാലിക്കാതിരിക്കുന്നത് നിയമനടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്ന മുന്നറിയിപ്പും സര്‍ക്കുലറിലുണ്ട്.

Read also:  യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

click me!