നിരവധി പ്രവാസികള്‍ മടങ്ങാനുള്ള തീരുമാനം മാറ്റി; വന്ദേ ഭാരത് വിമാനങ്ങളില്‍ സീറ്റുകള്‍ ബാക്കി

By Web TeamFirst Published Aug 3, 2020, 9:45 AM IST
Highlights

കഴിഞ്ഞ ആഴ്ചകളില്‍ കോണ്‍സുലേറ്റ് നിരവധിപ്പേരെ ബന്ധപ്പെട്ടിരുന്നെങ്കിലും ഭൂരിപക്ഷം പേരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന മറുപടിയാണ് ലഭിച്ചത്. ചില മേഖലകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാട്ടിലേക്ക് മടങ്ങേണ്ട ചിലരെങ്കിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാവാമെന്നതാണ് തങ്ങളുടെ സംശയമെന്നും കോണ്‍സുലേറ്റ്

ദുബായ്: മേയ് ഏഴ് മുതല്‍ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി 2,75,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വന്ദേ ഭാരത് ദൗത്യം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അഞ്ച് ലക്ഷത്തിലധികം പേരാണ് നാട്ടിലേക്ക് മടങ്ങാനായി വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ കോണ്‍സുലേറ്റ് നിരവധിപ്പേരെ ബന്ധപ്പെട്ടിരുന്നെങ്കിലും ഭൂരിപക്ഷം പേരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന മറുപടിയാണ് ലഭിച്ചത്. ചില മേഖലകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാട്ടിലേക്ക് മടങ്ങേണ്ട ചിലരെങ്കിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാവാമെന്നതാണ് തങ്ങളുടെ സംശയം. പക്ഷേ വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടോ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള സാമ്പത്തിക നിലയില്ലാത്തതുകൊണ്ടോ മടങ്ങാത്തവരുണ്ടാകാമെന്നും കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളില്‍ നിരവധി സീറ്റുകള്‍ ഒഴിവുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഓഗസ്റ്റ് 15 വരെയുള്ള 90ഓളം വിമാനങ്ങളിലേക്ക് ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഗസ്റ്റ് 16 മുതല്‍ 31 വരെയുള്ള വിമാനങ്ങളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഇതിന് പുറമെ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ, സ്പൈസ് ജെറ്റ്, ഇന്റിഗോ, ഗോ എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് നൂറോളം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ വിമാനങ്ങളിലേക്കെല്ലാം ഉള്ള ടിക്കറ്റുകള്‍ അതത് കമ്പനികളുടെ വെബ്സൈറ്റുകളിലോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ലഭ്യമാവും.

നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ വന്ദേ ഭാരത് വിമാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം. മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള അവസരം ഓഗസ്റ്റ് 10 വരെയാണ്.  ടിക്കറ്റുകളെക്കാന്‍ സാധിക്കാതെ യാത്ര ചെയ്യാനാവാത്ത അവസ്ഥയിലുള്ളവര്‍ വിശദ വിവരങ്ങളടക്കം www.cgidubai.gov.in/helpline.php എന്ന വെബ്സൈറ്റിലൂടെ കോണ്‍സുലേറ്റുമായി ബന്ധപ്പെടണം. പാസ്‍പോര്‍ട്ട് നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, എത്തിച്ചേരേണ്ട വിമാനത്താവളം തുടങ്ങിയ വിവരങ്ങള്‍ നല്‍കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

click me!