പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

Published : Oct 08, 2022, 07:23 PM IST
പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

Synopsis

ബഹ്റൈനിലെ 2006ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമം 24-ാം വകുപ്പില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചില ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടത്. ശൂറാ കൗണ്‍സിലിലെ അഞ്ച് അംഗങ്ങളാണ് ഇതിനായുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.

മനാമ: ബഹ്റൈനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ പുതുക്കുമ്പോള്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബഹ്റൈനില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ വരും മാസങ്ങളില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇത്തരമൊരു പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.

ബഹ്റൈനിലെ 2006ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമം 24-ാം വകുപ്പില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചില ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടത്. ശൂറാ കൗണ്‍സിലിലെ അഞ്ച് അംഗങ്ങളാണ് ഇതിനായുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി ഇത് മാറ്റിവെയ്ക്കുകയായിരുന്നു. പ്രവാസികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ തന്നെ നിയമപ്രകാരം മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നും നിയമത്തിലെ 24-ാം വകുപ്പ് ഇക്കാര്യം നിഷ്‍കര്‍ശിക്കുന്നുണ്ടെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ശൂറാ സര്‍വീസസ് കമ്മിറ്റിയെ അറിയിച്ചു. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അധിക മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും സാധിക്കും. അതുകൊണ്ടുതന്നെ നിയമഭേദഗതി ഇല്ലാതെ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ സാധിക്കുമെന്നും അറിയിച്ചിരുന്നു.

പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാത്തരം ജോലികളിലും ഏര്‍പ്പെടുന്നവര്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ പകരുന്നത് തടയാനും രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ഒപ്പം ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും  സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മസാജ് പാര്‍ലറുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്യുന്നവര്‍ക്കും സെയില്‍സ്, സര്‍ക്കുലേഷന്‍, നിര്‍മാണം, ഭക്ഷ്യ വസ്‍തുക്കളുടെ പാക്കേജിങ്, പൊതു - സ്വകാര്യ വിനോദ കേന്ദ്രങ്ങള്‍, സ്റ്റോറുകള്‍, ബേക്കറികള്‍, ഭക്ഷ്യ സംസ്‍കരണ കേന്ദ്രങ്ങള്‍, ഭക്ഷണ നിര്‍മാണം, വില്‍പന തുടങ്ങിയ രംഗങ്ങളിലെല്ലാം ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ഇടവേളകളിലുള്ള ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്.

Read also: 141 പ്രവാസികള്‍ ഉള്‍പ്പെടെ 325 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഗാസ വെടിനിർത്തൽ; ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ
പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി