
മനാമ: ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് ഇന്ത്യന്‍ ജനതക്ക് മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രജ്ദീപ് സര്‍ദേശായി. ബഹറൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ്, കോടതി, മാധ്യമങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ ജനത കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ അതിന്റെ മൂല്യങ്ങള്‍ ചോരാതെ സംരക്ഷിക്കപ്പെടണം. കഴിഞ്ഞ ദിവസം ഒരു ജഡ്ജി പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിച്ചത് ഏറ്റവും മഹാനായ വ്യക്തി എന്നാണ്. ഒരു സിറ്റിംഗ് ജഡ്ജി അങ്ങിനെ ഒരിക്കലും പറയാന്‍ പാടില്ല. പ്രതിപക്ഷം ദുര്‍ബലമാവുകയും ഒരു നേതാവ് ഏറ്റവും ശക്തനാവുകയും ചെയ്യുമ്പോള്‍ രാജ്യത്ത് ഏകാധിപത്യമാണുണ്ടാവുക.
ആരോഗ്യം, വിദ്യാഭ്യാസം പരിസ്ഥിതി എന്നിവയാണ് രാജ്യത്തിന്റെ ഭാവി വെല്ലുവിളി. എന്നാല്‍ മതം, ജാതി തുടങ്ങിയവയില്‍ ചുറ്റിത്തിരിയുകയാണ് നമ്മള്‍. എങ്ങിനെ സ്‌കുളുകളും ആശുപത്രികളും നിര്‍മ്മിക്കാമെന്നതാണ് വെല്ലുവിളി. വടക്ക്, തെക്ക് വേര്‍തിരിവ് ഇന്ന് ഇന്ത്യയില്‍ ഏറെ വലുതായി വരികയാണ്. കുടുതല്‍ നികുതി നല്‍കിയിട്ടും വേണ്ടത്ര കേന്ദ്രവിഹിതം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് പരാതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാമുണ്ട്. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്‍ ദക്ഷിണേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച കുറഞ്ഞ സംസ്ഥാനങ്ങളാണ്. സാമൂഹ്യ സൂചകങ്ങള്‍ പരിശോധിച്ചാല്‍ കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ അതിവേഗം വളരുകയാണ്. ആരോഗ്യമേഖലയില്‍ മുന്നേറിയതുകൊണ്ടാണ് കൊറോണ വൈറസിനെ കേരളത്തിന് ഫലപ്രദമായി നേരിടാനായത്. യു.പിയിലാണിത് സംഭവിച്ചതെങ്കില്‍ ആകെ താറുമാറാകുമായിരുന്നു.
മതം എല്ലായ്‌പ്പോഴും ജനങ്ങളെ വിഭജിക്കുകയാണ്. ശബരിമല വിധിയുടെ മറവില്‍ കേരളത്തിലെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമമുണ്ടായി. അത് നല്ലതായിരുന്നില്ല, അത് കേരളത്തിന്റെ പാരമ്പര്യത്തിന് എതിരാണ്. എന്നാല്‍, ആ വിഭജന ശ്രമം കേരള ജനത തള്ളിക്കളഞ്ഞു. ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാകുമ്പോള്‍ ഇത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമമാണെന്ന് തിരിച്ചറിയും.
സിഎഎ വിഷയത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വീഴ്ച പറ്റിയിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ അസംതൃപ്തിയാണ് സി എഎ വിരുദ്ധ സമരമായി മാറിയത്. സി എ എയില്‍ ജനങ്ങളുടെ ആശങ്ക അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. കാശ്മീര്‍ വിഷയത്തിലും കേന്ദ്രം അത് ചെയ്തില്ല-അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam