
ദോഹ: സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിൽ ലോകത്തെ ഏറ്റവും മികച്ച എയർലൈൻസിനുള്ള പുരസ്കാരം സ്വന്തമാക്കി ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. ആഗോള എയർലൈൻ മേഖലയിലെ വിശ്വസനീയ എയർലൈൻ റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ പുരസ്കാരം ഒമ്പതാം തവണയാണ് ഖത്തർ എയർവേസ് സ്വന്തമാക്കുന്നത്. പാരീസ് എയർഷോയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തർ എയർവേസിനെ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണയും ഖത്തർ എയർവേസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. സിംഗപ്പൂർ എയർലൈനാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻസ്, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് എന്നീ പുരസ്കാരങ്ങളും ഖത്തർ എയർവേസിനാണ്. ബിസിനസ് ക്ലാസിനുള്ള പുരസ്കാരം 12ാം തവണയും ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്കാരം ഏഴാം തവണയുമാണ് സ്വന്തമാക്കുന്നത്. 13ാം തവണയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻസ് എന്ന അംഗീകാരം നേടുന്നത്. സ്കൈട്രാക്സ് ഫൈവ്സ്റ്റാർ അംഗീകാരവും ഖത്തറിന്റെ എയർലൈൻ കരസ്ഥമാക്കി. ഖത്തർ എയർവേസിന്റെ ഹബ്ബായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അൽ മൗർജാൻ ലോഞ്ചാണ് ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒമ്പതാം തവണയും സ്കൈട്രാക്സ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തത് അസാധാരണ ബഹുമതിയാണെന്ന് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കഠിനാധ്വാനമാണ് അവാർഡുകൾ നിലനിർത്താൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 350ഓളം വിമാനക്കമ്പനികളിൽ നിന്നാണ് ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. യാത്രക്കാരിൽ നിന്നുള്ള റേറ്റിങ്ങിന്റെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 2022 മുതൽ ഓൺലൈൻ വഴിയും യാത്രക്കാരിൽ നിന്ന് സർവേയിലൂടെ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ട്. 1999 മുതലാണ് സ്കൈട്രാക്സ് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നൽകിവരുന്നത്. വ്യോമയാന മേഖലയിലെ ഓസ്കർ പുരസ്കാരം എന്നും സ്കൈട്രാക്സ് അവാർഡിനെ വിശേഷിപ്പിക്കാറുണ്ട്. അതേസമയം, എയർലൈൻ റേറ്റിങ് ഡോട്ട് കോം പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ ഏറ്റവും പുതിയ പട്ടികയിൽ ഖത്തർ എയർവേസ് മൂന്നാം സ്ഥാനം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ