പൈതൃകപ്പെരുമയുമായി ഖത്തർ ഒട്ടക മേള; 'ജസിലാത്ത് അൽ-അത്ത'യ്ക്ക് ആവേശകരമായ തുടക്കം

Published : Jan 13, 2026, 10:48 AM IST
qatar camel festival

Synopsis

ഖത്തറിൽ അഞ്ചാമത് ഒട്ടക മേള 'ജസിലാത്ത് അൽ-അത്ത'യ്ക്ക് ആവേശകരമായ തുടക്കം. ഷഹാനിയയിലെ ലബ്‌സീർ മസായൻ ഏരിയയിൽ ആവേശത്തോടെ പുരോഗമിക്കുന്ന മേളയിൽ 31 ദിവസങ്ങളിലായി ആവേശകരമായ പോരാട്ടങ്ങളാണ് നടക്കുക.

ദോഹ: ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന അഞ്ചാമത് ഖത്തർ ഒട്ടക മേള 'ജസിലാത്ത് അൽ-അത്ത' 2026 ന് ആവേശകരമായ തുടക്കം. ഷഹാനിയയിലെ ലബ്‌സീർ മസായൻ ഏരിയയിൽ ആവേശത്തോടെ പുരോഗമിക്കുന്ന മേളയിൽ 31 ദിവസങ്ങളിലായി ആവേശകരമായ പോരാട്ടങ്ങളാണ് നടക്കുക. ജനുവരി 11-ന് ആരംഭിച്ച ഈ സാംസ്കാരിക, കായിക മാമാങ്കം ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കും. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള ഒട്ടക ഉടമകളുടെ റെക്കോർഡ് പങ്കാളിത്തമാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത.

ഒട്ടകങ്ങളുടെ സൗന്ദര്യമത്സരമാണ് മേളയിലെ പ്രധാന ആകർഷണം. അൽ മഗാതീർ, അസായേൽ, മുജാഹിം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 119 റൗണ്ടുകളിലെ മത്സരങ്ങളാണ് നടക്കുന്നത്. ഇതിൽ അൽ മഗാതീർ വിഭാഗത്തിൽ 37 റൗണ്ടുകളും, അസായേലിൽ 44 റൗണ്ടുകളും, മുജാഹിം വിഭാഗത്തിൽ 38 റൗണ്ടുകളുമാണുള്ളത്. അൽ മഗാതീർ മത്സരങ്ങൾ ജനുവരി 11 മുതൽ ജനുവരി 21 വരെയും അസായേൽ ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെയും മുജാഹിം മത്സരങ്ങൾ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 10 വരെയും നടക്കും. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രദർശനങ്ങളും മത്സരങ്ങളും നടക്കുന്നത്.

ഓരോ റൗണ്ടിലെയും വിജയികൾക്കായി 56 ആഡംബര വാഹനങ്ങളും 149 പ്രതീകാത്മക പുരസ്കാരങ്ങളും ഉൾപ്പെടെ വൻ സമ്മാനത്തുകയുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസമായ ഞായറാഴ്ച അൽ അസ്‌ബ പ്രൊഡക്ഷൻ അൽ ശുആൽ സഫ്ർ, ശഖ് അഹ്മർ, വാദ് ക്ലാസുകളിലായി ഒട്ടകങ്ങൾ മത്സരിച്ചു. മേളയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ സംഘാടകർ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഒട്ടകങ്ങളിൽ കൃത്രിമത്വമോ ഹോർമോൺ പ്രയോഗങ്ങളോ നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പരിശോധനകൾ നടത്തുന്നുണ്ട്. ഇതിനായി ഒട്ടക ഉടമകൾക്ക് 3,000 റിയാൽ ഫീസ് നൽകി പ്രീ-ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യവും ഖത്തർ ഒട്ടക മസായൻ ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. കൂടാതെ, പ്രാദേശിക വിധികർത്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'റാഇ അൽ നസർ' എന്ന പുതിയ പുരസ്കാരവും മികച്ച കവിതയ്ക്ക് 30,000 റിയാൽ സമ്മാനത്തുകയുള്ള 'ജസിലാത്ത് അൽ അത്ത' കവിതാ പുരസ്‌കാരവും ഇത്തവണ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.

സന്ദർശകർക്കായി മേളയയിൽ വിവിധ സാംസ്‌കാരിക പരിപാടികൾ, കരകൗശല പ്രദർശനങ്ങൾ, പരമ്പരാഗത വിപണികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഖത്തറിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഇത്തരം കായിക വിനോദങ്ങളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ വാർഷിക മേള സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശന നിരക്ക് 200 ഖത്തർ റിയാലാണ്. വി.ഐ.പി ടിക്കറ്റ് നിരക്ക് 300 റിയാലും പാർക്കിംഗ് ടിക്കറ്റിന് 500 റിയാലുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വർണ്ണത്തിൽ പണമിറക്കിയവർക്ക് കോളടിച്ചു, റെക്കോർഡിട്ട് ദുബായിലെ സ്വർണവില
ദുബൈയിൽ വാഹനാപകടം; ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് ഗുരുതര പരിക്ക്