
ദോഹ: ഖത്തറിലേക്ക് കടത്താന്‍ വിമാന മാര്‍ഗം കൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നും ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഒരു യാത്രക്കാരന്റെ ബാഗില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത വസ്‍തുക്കള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്‍തു.
ബിസ്‍കറ്റ് ബോക്സുകളില്‍ ഒളിപ്പിച്ചിരുന്ന നിലയില്‍ 1996 ഗ്രാം കഞ്ചാവാണ് യാത്രക്കാരന്റെ ലഗേജില്‍ ഉണ്ടായിരുന്നത്. നട്സ് കൊണ്ടുവന്ന മറ്റൊരു പെട്ടിയ്ക്കുള്ളില്‍ 931.3 ഗ്രാം മയക്കുമരുന്നും ഒളിപ്പിച്ചിരുന്നു.. രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള കാര്യം വീണ്ടും ഓര്‍മിപ്പിക്കുകയാണെന്ന് ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഇത്തരം കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്ന ഏറ്റവും ആധുനിക രീതികള്‍ വരെ കണ്ടെത്താനും യാത്രക്കാരുടെ ശരീരഭാഷയില്‍ നിന്നു പോലും കള്ളക്കടത്തുകാരെ തിരിച്ചറിയാനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read also: വിട്ടുവീഴ്ചയില്ല; ഭാര്യയെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് കുടുംബം കോടതിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam